കടം കൊടുത്ത പണം തിരികെ ചോദിച്ചു: വാക്കുതര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകയെ കുത്തിക്കൊലപ്പെടുത്തി യുവാവ്
കടം കൊടുത്ത പണം തിരികെ ചോദിക്കുന്നതിനിടെ വാക്കുതര്‍ക്കത്തിനൊടുവില്‍ സഹപ്രവര്‍ത്തകയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. തൊഴിലിടത്തെ പാര്‍ക്കിംഗില്‍ വെച്ച് സഹപ്രവര്‍ത്തകയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൃഷ്ണ കനോജ (30) എന്ന 30 കാരനാണ് തന്റെ സഹപ്രവര്‍ത്തകയായ ശുഭദ കോദാരെ(28)യെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
പാര്‍ക്കിഗ് ഏരിയയില്‍ വെച്ച് കൃഷ്ണ ശുഭദയെ തടഞ്ഞ് വെക്കുന്നതും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ പ്രകോപിതനായ പ്രതി കത്തികൊണ്ട് യുവതിയെ കുത്തുകയായിരുന്നു. നിരവധി പേര്‍ ഈ കൃത്യത്തിന് ദൃക്‌സാക്ഷിയായെങ്കിലും ആരും കൃഷ്ണ കനോജയെ തടയാനെത്തിയില്ല. യുവതി കുത്തേറ്റ് വീണതോടെ യുവാവ് കത്തി വലിച്ചെറിഞ്ഞു. ഇതോടെ ആളുകള്‍ ഓടിക്കൂടി കൃഷ്ണയെ പിടിച്ച് വെച്ച് മര്‍ദ്ദിക്കുകയും യുവതിയെ ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്യുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സുഭദ മരണപ്പെട്ടത്.
യെരവാഡയിലെ ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് കമ്പനിയായ ഡബ്ല്യുഎന്‍എസ് ഗ്ലോബലില്‍ അക്കൗണ്ടന്റാണ് പ്രതിയായ കൃഷ്ണ കനോജ. ശുഭദ കൃഷ്ണ കനോജയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണയും സഹപ്രവര്‍ത്തകയായ യുവതിയും തമ്മില്‍ സുഹൃത്തുക്കളായിരുന്നുവെന്നും പിതാവിന്റെ അസുഖത്തിന്റെ പേര് പറഞ്ഞ് ഇവര്‍ യുവാവില്‍ നിന്ന് പലപ്പോഴായി പണം വാങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു. അച്ഛന് അസുഖമാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നും പറഞ്ഞാണ് ശുഭദ പണം വാങ്ങിയത്.
കുറച്ച് നാള്‍ കഴിഞ്ഞ് കൃഷ്ണ കനോജ യുവതിയോട് പണം തിരികെ ചോദിച്ചു. എന്നാല്‍ പിതാവിന്റെ ആരോഗ്യനില മോശമാണെന്നും പണമില്ലന്നും പറഞ്ഞ് ശുഭദ പണം നകാന്‍ വിസമ്മതിച്ചു. സംശയം തോന്നിയ കൃഷ്ണ യുവതിയുടെ നാട്ടിലെത്തി. ഇതോടെയാണ് കള്ളി പൊളിഞ്ഞത്. സഹപ്രവര്‍ത്തകയുടെ പിതാവിന് അസുഖമൊന്നുമില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും കൃഷ്ണ കനോജ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു.
തിരികെ ഓഫീസിലെത്തിയ യുവാവ് യുവതിയോട് തന്നെ കബളിപ്പിച്ചതിനെക്കുറിച്ച് ചോദിക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൃഷ്ണ ശുഭദയെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കുത്തിയത്. കൃഷ്ണ കനോജയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha