മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്
ഫെബ്രുവരി ഒന്നിനാണ് നിര്‍മല മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്നത്. ആദായ നികുതിയുടെ പുതിയ നികുതി വ്യവസ്ഥയിലാണ് മാറ്റങ്ങള്‍ക്ക് സാധ്യത. 10-15 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചേക്കാം. ഇത് കുടുംബങ്ങളുടെ വരുമാനത്തിലെ മിച്ചം (സേവിങ്‌സ്) മെച്ചപ്പെടാനും ഉപഭോക്തൃവിപണി ഉഷാറാകാനും സഹായിക്കും. ജിഡിപിയും മെച്ചപ്പെടും.
നിലവില്‍ ആദായ നികുതിദായകരില്‍ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ച, ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പുതിയതും പഴയതുമായ നികുതി സമ്പ്രദായങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നിര്‍മല 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തിയിരുന്നു. ആദായനികുതി ബാധകമായ വരുമാനത്തില്‍ നിന്ന് 75,000 രൂപ കിഴിച്ചശേഷം ബാക്കിത്തുകയ്ക്ക് നികുതി അടച്ചാല്‍ മതിയെന്നതാണ് നേട്ടം. ആദായനികുതിയില്‍ ഇളവ് വേണമെന്ന ആവശ്യവുമായി ആര്‍എസ്എസ് അനുബന്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഇക്കുറി ബജറ്റില്‍ നിര്‍മല ഡയറക്റ്റ് ടാക്‌സ് കോഡ്-2025 (DTC 2025) അവതരിപ്പിക്കുമോ എന്നാണ് ഏവരുടെയും ഉറ്റുനോട്ടം. നിലവിലെ ഇന്‍കം ടാക്‌സ് ആക്റ്റ്-1961ന് പകരമാണ് ഇതു വരിക. ലഘൂകരിച്ച ചട്ടങ്ങളാണ് ഡിടിസി-2025ല്‍ ഉണ്ടാവുകയെന്നത് നികുതിദായകര്‍ക്ക് നേട്ടമാകും. ആദായ നികുതി സ്ലാബുകള്‍ കുറയ്ക്കുക, നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുള്ളതാണ് ഡിടിസി-2025. 5 ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇത് ആശ്വാസമാകും.
രാജ്യത്ത് 2022 മേയ്ക്കുശേഷം പെട്രോള്‍, ഡീസല്‍ വില പൊതുമേഖലാ എണ്ണക്കമ്പനികള്‍ പരിഷ്‌കരിച്ചിട്ടില്ല. പെട്രോള്‍ വിലയുടെ 21 ശതമാനവും ഡീസലിന്റെ 18 ശതമാനവും ഇപ്പോള്‍ കേന്ദ്ര എക്‌സൈസ് നികുതിയാണ്. ക്രൂഡ് ഓയില്‍ വില ഇക്കാലയളവില്‍ കുറഞ്ഞെങ്കിലും ഇന്ത്യയില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായില്ല. ഇക്കുറി ബജറ്റില്‍ എക്‌സൈസ് നികുതി കുറയ്ക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധനനികുതി കുറയ്ക്കുന്നത് പണപ്പെരുപ്പം കുറയാനും സഹായിക്കും. ഇത് കുടുംബങ്ങളുടെ സേവിങ്‌സ് ഉയര്‍ത്തും. പ്രധാനമന്ത്രി ആവാസ് യോജന, തൊഴിലുറപ്പ് പദ്ധതി, പിഎം-കിസാന്‍ എന്നിവയ്ക്കുള്ള വിഹിതം ബജറ്റില്‍ ഉയര്‍ത്തണമെന്നും സിഐഐ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിലെ കുറഞ്ഞ വേതനം വര്‍ധിപ്പിക്കണം. പിഎം-കിസാന്‍ ആനുകൂല്യം നിലവിലെ 6,000 രൂപയില്‍ നിന്ന് 8,000 രൂപയാക്കണം.
ഉയര്‍ന്ന വ്യക്തിഗത ആദായനികുതി നിരക്ക് 42.74 ശതമാനവും കോര്‍പ്പറേറ്റ് നികുതിനിരക്ക് 25.17 ശതമാനവുമാണ്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനം കൊടുക്കുന്നതിനേക്കാള്‍ വലിയ ആദായനികുതി ബാധ്യതയാണ് വ്യക്തിക്ക്. വ്യക്തിഗത ആദായനികുതി കുറയ്‌ക്കേണ്ടത് ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കാന്‍ അനിവാര്യമാണെന്നും സിഐഐ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha