ഗൗരി ലങ്കേഷ് വധക്കേസില്‍ കസ്റ്റഡിയിലുള്ള അവസാന പ്രതി ശരദ് ഭൗസാഹേബ് കലാസ്‌കറിനും ജാമ്യം അനുവദിച്ച് ബംഗളൂരു കോടതി
ഗൗരി ലങ്കേഷ് വധക്കേസില്‍ കസ്റ്റഡിയിലുള്ള അവസാന പ്രതി ശരദ് ഭൗസാഹേബ് കലാസ്‌കറിനും ജാമ്യം അനുവദിച്ച് ബംഗളൂരു കോടതി. . പ്രമുഖ മാധ്യമപ്രവര്‍ത്തകയും വലതുപക്ഷ ആശയങ്ങളുടെ നിശിത വിമര്‍ശകയുമായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വസതിക്ക് പുറത്ത് വെടിയേറ്റു മരിച്ചത്.
നിരവധി സാക്ഷികളും വിപുലമായ തെളിവുകളും ഉള്‍പ്പെടുന്ന ഈ കേസ് രാജ്യവ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചു. പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി മുരളീധര പൈ ബി.യാണ് ബുധനാഴ്ച ഏറ്റവും പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
കലാസ്‌കറിന് കര്‍ശന വ്യവസ്ഥകളോടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിക്കുകയായിരുന്നു. 2018 സെപ്റ്റംബര്‍ 4 മുതല്‍ കസ്റ്റഡിയിലുള്ള പ്രതി ക്രിമിനല്‍ നടപടി ചട്ടത്തിലെ 439-ാം വകുപ്പ് പ്രകാരം സ്ഥിരം ജാമ്യം ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. കേസിലെ 16 കൂട്ടുപ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചതിനെ ഉദ്ധരിച്ച് കലാസ്‌കറിന്റെ നീണ്ട തടങ്കല്‍ ന്യായരഹിതമാണെന്ന് പ്രതിഭാഗം വാദിക്കുകയായിരുന്നു.
ഹിന്ദുത്വ ആശങ്ങള്‍ പേറുന്ന ഒരു സംഘടനയുടെ ഭാഗമെന്ന് ആരോപിക്കപ്പെടുന്ന 18 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റ് പ്രതികള്‍ക്ക് ആയുധം കൈകാര്യം ചെയ്യുന്നതിനും ബോംബ് തയ്യാറാക്കുന്നതിനും പരിശീലനം നല്‍കുന്നതില്‍ കലാസ്‌കര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.
ജാമ്യം അനുവദിക്കുമ്പോള്‍ കലാസ്‌കറിന്റെ പങ്ക് കൊലപാതകവുമായി നേരിട്ട് ബന്ധപ്പെടുത്തിയില്ലെന്നും 18 കൂട്ടുപ്രതികളില്‍ 16 പേരും ഇതിനകം ജാമ്യത്തിലായിരുന്നതിനാല്‍ തുല്യതക്ക് ഊന്നല്‍ നല്‍കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ വികാസ് പാട്ടീല്‍ ഒളിവിലാണ്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha