മലയാളി മയം തമിഴ് തായ് വാഴ്ത്ത്... തമിഴ് തായ് വാഴ്ത്തിനെ ചൊല്ലി തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും ഇളകി മറിയുന്നു; തമിഴ്നാട് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നല്ലതല്ലെന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി
തമിഴ് തായ് വാഴ്ത്തിനെ ചൊല്ലി തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും കലുഷിതമാകുകയാണ്. ഏറ്റവും ഒടുവില്‍, നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവര്‍ണര്‍ ആര്‍.എന്‍.രവി നിയമസഭ വിട്ടിറങ്ങിയതോടെയാണ് വിവാദങ്ങള്‍ വീണ്ടും തലപൊക്കിയത്.
അവസാനം തമിഴ്നാട് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നല്ലതല്ലെന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി. വിവാദമായ ദേശീയഗാന തര്‍ക്കത്തിനിടെയാണ് പ്രതികരണം. പ്രസംഗത്തിന്റെ തുടക്കത്തില്‍ ദേശീയ ഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി ആറിന് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
തമിഴ്‌നാട് നിയമസഭയിലെ പാരമ്പര്യമനുസരിച്ച്, സഭ സമ്മേളിക്കുമ്പോള്‍ സംസ്ഥാന ഗാനം ആലപിക്കുകയും അവസാനം ദേശീയ ഗാനം ആലപിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍, ഗവര്‍ണര്‍ ഈ കീഴ്വഴക്കം ഒഴിവാക്കാന്‍ ശ്രമിച്ചതാണ് വിവാദമായത്. അതേസമയം, ഗവര്‍ണര്‍ നിയമസഭാ കീഴ്വഴക്കം ലംഘിക്കുന്നത് പതിവാക്കിയെന്നും പ്രവര്‍ത്തനങ്ങള്‍ ബാലിശമാണെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തിരിച്ചടിച്ചു. തമിഴ്നാട് വികസിക്കുന്നുവെന്നത് ഗവര്‍ണര്‍ക്ക് ദഹിക്കുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ ദേശീയ ഗാനത്തിനു പകരം തമിഴ്‌നാടിന്റെ സംസ്ഥാനഗീതമായ 'തമിഴ് തായ് വാഴ്ത്ത്' പാടിയതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഗവര്‍ണര്‍ പോയതോടെ സ്പീക്കര്‍ നയപ്രഖ്യാപനം നടത്തി. പിന്നാലെ പരസ്പരം പഴി ചാരലുമായി ഗവര്‍ണറും ഡിഎംകെയും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദം വീണ്ടും തമിഴകത്തെ പിടിച്ചുലയ്ക്കുകയാണ്.
തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ 'തമിഴ് തായ് വാഴ്ത്തും' അവസാനിക്കുമ്പോള്‍ ദേശീയഗാനവും ആലപിക്കുന്നതാണ് പതിവെങ്കിലും ഗവര്‍ണര്‍ ആര്‍.എന്‍.രവി ഇതിന് എതിരാണ്. സമ്മേളനം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ദേശീയഗാനം തന്നെ ആലപിക്കണമെന്നാണ് ഗവര്‍ണറുടെ നിലപാട്. കഴിഞ്ഞ വര്‍ഷവും 'തമിഴ് തായ് വാഴ്ത്തി'ന്റെ പേരില്‍ ഗവര്‍ണര്‍ നിയമസഭ വിട്ടിറങ്ങിയിരുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നത് അസംബന്ധവും ബാലിശവുമാണെന്ന നിലപാടാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റേതെന്നും ദേശീയഗാനത്തോടുള്ള ബഹുമാനക്കുറവാണ് ഇതു വ്യക്തമാക്കുന്നതെന്നും തമിഴ്‌നാട് രാജ്ഭവന്‍ ആരോപിച്ചിരുന്നു. ഭാരതം എന്ന രാഷ്ട്രത്തെയും അതിന്റെ ഭരണഘടനയെയും അംഗീകരിക്കാത്ത നേതാവാണ് സ്റ്റാലിനെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
1969 മദ്രാസ് സംസ്ഥാനത്തെ തമിഴ്‌നാട് ആയി പുനര്‍ നാമകരണം ചെയ്തതിനു പിന്നാലെയാണ് തമിഴ് തായ് വാഴ്ത്തിന് പ്രാമുഖ്യം ലഭിച്ചത്. 1970 നവംബര്‍ 23ന്, ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തില്‍ 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രി എം.കെ.കരുണാനിധി ഉത്തരവിറക്കി. ചടങ്ങുകളുടെ അവസാനം ദേശീയ ഗാനം ആലപിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് 2021ല്‍ സംസ്ഥാന ഗീതമെന്ന പദവിയിലേക്ക് സ്റ്റാലിന്‍ സര്‍ക്കാര്‍ 'തമിഴ് തായ് വാഴ്ത്തി'നെ ഉയര്‍ത്തിയത്.
'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലപിക്കണമെന്ന നിലപാടില്‍നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഡിഎംകെയും. തീവ്ര തമിഴ് വികാരം വോട്ടാക്കി മാറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉദയവും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുവെന്നാണ് സൂചന. പ്രത്യേകിച്ച് വിജയ്യുടെ തമിഴക വെട്രി കഴകം, സീമാന്റെ നാം തമിഴര്‍ കക്ഷി എന്നിവരുടെ പുതിയ നീക്കങ്ങള്‍ ഡിഎംകെ ശ്രദ്ധാപൂര്‍വമാണ് നോക്കിക്കാണുന്നത്. തമിഴ് വികാരത്തെ ഉലയ്ക്കുന്ന തീരുമാനങ്ങള്‍ എടുത്താല്‍ നിലവിലെ സാഹചര്യത്തില്‍ ഡിഎംകെയ്ക്കു ദോഷമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തുടക്കത്തില്‍ 'തമിഴ് തായ് വാഴ്ത്തും' അവസാനം ദേശീയഗാനവും ആലപിക്കുന്നത് തമിഴ്‌നാട് നിയമസഭയുടെ ദീര്‍ഘകാല പാരമ്പര്യമാണെന്നായിരുന്നു വിജയ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഗവര്‍ണര്‍ പദവിയിലുള്ളത് ആരായാലും തമിഴ്നാട് നിയമസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നു പറഞ്ഞ വിജയ്, ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് ജനാധിപത്യത്തിനു നല്ലതല്ലെന്നും ചൂണ്ടിക്കാണിക്കുന്നു.
ആലപ്പുഴ സ്വദേശി മനോന്‍മണീയം പി.സുന്ദരം പിള്ളയായിരുന്നു 'തമിഴ് തായ് വാഴ്ത്ത്' എഴുതിയത്. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ട്യൂട്ടറായിരുന്ന പി.സുന്ദരംപിള്ളയുടെ'മനോന്‍മണീയം' എന്ന കാവ്യ നാടകത്തിന്റെ അവതരണ ഗാനമായിരുന്നു 9 വരികളുള്ള തമിഴ് തായ് വാഴ്ത്ത്. 55 സെക്കന്‍ഡാണ് 'തമിഴ് തായ് വാഴ്ത്തി'ന്റെ ദൈര്‍ഘ്യം. പ്രശസ്ത സംഗീത സംവിധായകന്‍ എം.എസ്.വിശ്വനാഥനാണ് ഇതിനു സംഗീതം നല്‍കിയത്.
"
https://www.facebook.com/Malayalivartha