ഞെട്ടിച്ച് ഫ്രീസര്‍ സമാധി... നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പ്രശസ്തി കേരളം കടന്നപ്പോള്‍ പുറത്താകുന്നത് പഞ്ചാബിലെ മഹാരാജ് സ്വാമിയുടെ കഥ; മഹാരാജ് തിരിച്ചു വരും, മരിച്ച് വര്‍ഷങ്ങളായിട്ടും ഫ്രീസര്‍ സമാധി
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി ഇന്ന് ഏറെ പ്രശസ്തനാണ്. നെയ്യാറ്റിന്‍കരയിലെ സമാധി വിവാദമാകുമ്പോള്‍, 11 വര്‍ഷം മുന്‍പ് പഞ്ചാബിലുണ്ടായ ഒരു സമാധി വിവാദവും വാര്‍ത്തയിലെത്തുന്നു. നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപനെ (മണിയന്‍ 69) വ്യാഴാഴ്ച രാവിലെ മരിച്ചതിനെ തുടര്‍ന്നു സമാധിയിരുത്തിയെന്നാണു ഭാര്യയും മക്കളും പറഞ്ഞത്.
പഞ്ചാബില്‍ മരിച്ച അശുതോഷ് മഹാരാജ് എന്ന ആത്മീയ നേതാവ് ജീവനോടെയുണ്ടെന്ന വിശ്വാസത്താല്‍ അനുയായികള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ശരീരം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2014 ജനുവരിയിലാണ് ദിവ്യജ്യോതി ജാഗൃതി സന്‍സ്ഥാന്‍ സ്ഥാപകന്‍ അശുതോഷ് മഹാരാജ് മരിച്ചത്. ഹൃദയാഘാതമാണു കാരണമെന്നാണു സംശയം. പക്ഷേ അദ്ദേഹം ഗാഢധ്യാനത്തിലാണെന്നും ഒരു ദിവസം ജീവിതത്തിലേക്കു തിരിച്ചുവരുമെന്നും അനുയായികള്‍ ഉറപ്പിച്ചു പറയുന്നു.
ജലന്ധറിലെ വിശാലമായ ആശ്രമത്തിലെ ഫ്രീസറില്‍ അവര്‍ അശുതോഷിന്റെ ശരീരം സൂക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മകനാണ് എന്നവകാശപ്പെടുന്ന ദിലീപ് കുമാര്‍ ഝായും അശുതോഷിന്റെ ശിഷ്യരും തമ്മില്‍ ഇതിന്റെ പേരില്‍ കടുത്ത നിയമപോരാട്ടവും നടന്നു. ഹിന്ദു ആചാരമനുസരിച്ച് അശുതോഷിന്റെ ഭൗതിക ശരീരം ദഹിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഝാ കോടതിയെ സമീപിച്ചത്. എന്നാല്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും സമാധിയിലാണെന്നും ഒരു ദിവസം ധ്യാനത്തില്‍നിന്ന് ഉണരുമെന്നും അതിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നുമായിരുന്നു അനുയായികളുടെ വാദം.
അതുകൊണ്ട് ശരീരം ഫ്രീസറില്‍ സൂക്ഷിക്കാന്‍ അനുവദിക്കണമെന്നും അവര്‍ കോടതിയോട് അപേക്ഷിച്ചു. മൂന്നു വര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 2017 ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഝായുടെ ഹര്‍ജി തള്ളി. അനുയായികളുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു.
1946 ല്‍ ബിഹാറിലെ ദര്‍ബംഗ ജില്ലയിലെ നഖ്ലോര്‍ ഗ്രാമത്തിലാണ് മഹേഷ് ഝാ എന്ന അശുതോഷ് മഹാരാജ് ജനിച്ചത്. വിവാഹശേഷം ഏതാണ്ട് 18 മാസം കഴിഞ്ഞ് ഭാര്യയെയും മകനെയും ഉപേക്ഷിച്ച അശുതോഷ് മാനവ് ഉത്ഥാന്‍ സേവാ സമിതിയുടെ സ്ഥാപകനായ സത്പാല്‍ മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ചു. 1983 ല്‍ സ്വന്തം സന്യാസിസംഘമായ ദിവ്യജ്യോതി ജാഗൃതി സന്‍സ്ഥാന്‍ സ്ഥാപിച്ചു. ആദ്യ കാലത്ത് ഗ്രാമങ്ങളില്‍ സത്സംഗങ്ങളും മറ്റും സംഘടിപ്പിച്ച അശുതോഷ് 1991 ല്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
ഇന്ന് രാജ്യത്തു പലയിടത്തുമായി അതിന് നൂറിലേറെ ശാഖകളും ലോകമെമ്പാടുമായി കോടിക്കണക്കിന് അനുയായികളുമുണ്ട്. ഇന്ത്യ, യുഎസ്, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലാണു കൂടുതല്‍ അനുയായികള്‍. 100 ഏക്കറിലേറെ വലുപ്പമുള്ള ആശ്രമ സമുച്ചയത്തില്‍ കനത്ത സുരക്ഷയിലാണ് അശുതോഷ് കഴിഞ്ഞിരുന്നത്.
''അദ്ദേഹം മരിച്ചിട്ടില്ല. സമാധിയിലും അദ്ദേഹം ബോധവാനാണ്. അദ്ദേഹത്തിന്റെ ധ്യാനം അവസാനിക്കുന്നതിനായി അനുയായികള്‍ കാത്തിരിക്കുന്നു. അതുവരെ, നൂര്‍മഹല്‍ പട്ടണത്തിലെ ആശ്രമം തുറന്നിരിക്കും. ധ്യാനങ്ങളും ആത്മീയ പരിപാടികളും നടത്തും. തിരിച്ചുവരുന്നതുവരെ ശരീരം സംരക്ഷിക്കണമെന്നു മഹാരാജ്ജി ഇപ്പോഴും അനുയായികളിലൂടെ സന്ദേശമയയ്ക്കുന്നുണ്ട്'' ആശ്രമ വക്താവ് സ്വാമി വിശാലാനന്ദ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
അശുതോഷിന്റെ ഭൗതികശരീരം ഫ്രീസറില്‍ വയ്ക്കാനുള്ള തീരുമാനത്തെ അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവറെന്ന് അവകാശപ്പെടുന്ന ഒരാളും കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഗുരുവിന്റെ സ്വത്തുക്കളുടെ പങ്ക് ലഭിക്കാനാണു ചിലര്‍ ശരീരം പുറത്തെടുക്കാത്തതെന്നും ആരോപിച്ചു. വൈദ്യശാസ്ത്രപരമായി അശുതോഷ് മരിച്ചെന്നും ശരീരം എന്തു ചെയ്യണമെന്ന് അനുയായികള്‍ക്കു തീരുമാനിക്കാമെന്നും പഞ്ചാബ് സര്‍ക്കാര്‍ പറഞ്ഞതിനാലാണു കോടതി ഹര്‍ജി തള്ളിയതെന്ന് അഡീഷനല്‍ അഡ്വക്കറ്റ് ജനറലായിരുന്നു റീത കോലി പറഞ്ഞു. കോടതി ഉത്തരവിട്ടതിനാല്‍ ഇടപെടാന്‍ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ നിലപാട്. അതേസമയം നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കാര്യം എന്താകുമെന്ന് ഇപ്പോഴും വ്യക്തതയില്ല.
"
https://www.facebook.com/Malayalivartha