വിദ്യാര്‍ഥിനികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു: പ്രധാനാധ്യാപികയ്ക്ക് സസ്പെന്ഷന്
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ശുചിമുറി വൃത്തിയാക്കിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനു സസ്പെന്ഷന്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയില്‍ പലക്കോടില് ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലായി നൂറ്റമ്പതിലേറെ ആദിവാസി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിലാണ് സംഭവം.
യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ചൂലും പിടിച്ച് ശുചിമുറി വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ വന്‍ ജനരോക്ഷം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചില രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിനു പരാതി നല്‍കുകയും ചെയ്തു.
ശുചിമുറി വൃത്തിയാക്കല്‍, പരിസരം തൂത്തുവാരല്‍, വെള്ളമെടുക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ പ്രധാനാധ്യാപിക കുട്ടികളെ ഏല്‍പ്പിക്കുകയായിരുന്നെന്ന് അവര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രധാനാധ്യാപികയ്ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു മുഖ്യ വിദ്യാഭ്യാസ ഓഫിസര്‍ (സിഇഒ) അന്വേഷണം പ്രഖ്യാപിക്കുകയും ഇതിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ (ഡിഇഒ) പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.
https://www.facebook.com/Malayalivartha