ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ സംയുക്ത സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബീജാപൂരിലെ വനത്തിനുള്ളില്‍ വച്ചു വ്യാഴാഴ്ച രാവിലെയോടെയാണു വെടിവയ്പ്പ് ആരംഭിച്ചത്.
3 ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആര്‍പിഎഫിന്റെ എലൈറ്റ് ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റ് കമാന്‍ഡോ ബറ്റാലിയന്), സിആര്‍പിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനില്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു.
സുരക്ഷാ സൈനികര്‍ക്കു പരുക്കേറ്റിട്ടില്ല. മേഖലയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജനുവരി 12 ന് ബീജാപൂര്‍ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്റ്റേഷന് പരിധിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 219 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha