വീട്ടിലെ പ്രസവത്തിനിടെ അമ്മയ്ക്കും നവജാത ശിശുവിനും ദാരുണാന്ത്യം
വീട്ടിലെ പ്രസവത്തിനിടെ അമ്മയ്ക്കും നവജാത ശിശുവിനും ദാരുണാന്ത്യം. യുവതിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്. തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ അമ്മയുടെ വീട്ടില്‍ വച്ചാണ് പ്രസവമെടുത്തത്. വീട്ടില്‍ വെച്ചായിരുന്നു യുവതി തന്റെ മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചത്. ടി ജ്യോതി എന്ന യുവതിയും ചോരക്കുഞ്ഞുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ ജ്യോതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു.
അമിതമായ രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയില്‍ എത്തിക്കാതെ വീട്ടില്‍ത്തന്നെ പ്രസവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജ്യോതിയുടെ അമ്മ വല്ലി പൊക്കിള്‍ക്കൊടി മുറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രക്തസ്രാവമുണ്ടായത്. കുഞ്ഞ് ഉടന്‍ മരിച്ചു. ജ്യോതിക്ക് ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് സഹോദരന്‍ ജ്യോതിയെ ആര്‍ക്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
9 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്- രണ്ട് പെണ്‍മക്കളും ഒരു മകനും. ജ്യോതിയുടെ ഭര്‍ത്താവ് എസ് തമിഴ്‌സെല്‍വന്‍ (31) സേലം സ്വദേശിയാണ്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി വെല്ലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. കുഞ്ഞിന് 2.8 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നും സേലത്തെ റീപ്രൊഡക്റ്റീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (ആര്‍സിഎച്ച്) പ്രോഗ്രാമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റാണിപ്പേട്ട് ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
മരണ കാരണം കൃത്യമായി കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആരും വീട്ടില്‍ പ്രസവത്തിന് ശ്രമിക്കരുതെന്നും അടിയന്തര ഘട്ടങ്ങളില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും റാണിപ്പേട്ടിലെ ആരോഗ്യ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha