ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി, തിങ്കളാഴ്ച ശിക്ഷാവിധി പറയും
കൊല്‍ക്കത്തയിലെ ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഫോറന്‍സിക് തെളിവുകള്‍ കുറ്റം തെളിയിക്കുന്നതാണ്. 25 വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു. അതേ സമയം കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം. കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പ്രതി സജ്ഞയ് റോയ് കോടതിയോട് ആവശ്യപ്പെട്ടു.
കൊല്‍ക്കത്തയിലെ സിയാല്‍ദാ അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി അനിര്‍ബാന്‍ ദാസാണ് വിധി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രെയിനീ ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു സഞ്ജയ് റോയി. സിബിഐയാണ് കേസന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി മാസങ്ങളോളം പ്രതിഷേധം നീണ്ടത് മമത ബാനര്‍ജി സര്‍ക്കാറിന് വലിയ വെല്ലുവിളിയായിരുന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും നിര്‍ണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.
2024 ആഗസ്റ്റ് 9 നാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ നാലാം നിലയില്‍ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറായ 31 കാരിയായ യുവതിയുടെ മൃതദേഹം പിറ്റേന്ന് രാവിലെയാണ് കണ്ടത്. ആന്തരികാവയവങ്ങള്‍ക്ക് വരെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി.
എന്നാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 14 മണിക്കൂര്‍ വൈകിയതടക്കം സംസ്ഥാന സര്‍ക്കാറിന്റെ നടപടികളില്‍ ആദ്യഘട്ടത്തില്‍തന്നെ സംശയങ്ങളുയര്‍ന്നിരുന്നു. ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ നിന്ന് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടു പിന്നാലെ 10 നാണ് കൊല്‍ക്കത്ത പോലീസ് റോയിയെ അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം കല്‍ക്കട്ട ഹൈകോടതി സി.ബി.ഐ യ്ക്ക് കൈമാറുകയും വധശിക്ഷ നല്‍കണെമെന്ന് ഏജന്‍സി ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha