സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശില്‍നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പതി എക്‌സ്പ്രസ് ട്രെയിനില്‍ സഞ്ചരിക്കുന്നെന്ന വിവരം ലഭിച്ച ബാന്ദ്ര പൊലീസ് ലോക്കല്‍ പൊലീസുമായി സഹകരിച്ച് പ്രതിയെ ട്രെയിനില്‍നിന്ന് ഇറക്കി പിടികൂടുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് പുറത്തുവിട്ട പ്രതിയുടെ സിസിടിവി ദൃശ്യവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴികളിലുണ്ടായ സംശയത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇതുവരെ ഇരുപതിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. സെയ്ഫ് അലിഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി.
ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. നടന്‍ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് ഇന്നലെ മാറ്റിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha