പ്രചാരണത്തിനിടെ അരവിന്ദ് കേജ്രിവാളിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടുവെന്ന് എഎപി
ന്യൂഡല്‍ഹി അസംബ്ലി മണ്ഡലത്തില്‍ പ്രചാരണത്തിനിടെ അരവിന്ദ് കേജ്രിവാളിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടുവെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. പ്രചാരണത്തിനിടെ കേജ്രിവാളിന്റെ കാറിന് നേരെ കല്ലെറിഞ്ഞ് എഎപിയുടെ പ്രചാരണം തടസ്സപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നതായും എഎപി ആരോപിച്ചു. കേജ്രിവാളിന്റെ കാര്‍ രണ്ടുപേരെ ഇടിച്ചിട്ടതായി ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മ ആരോപിച്ചു.
കേജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ല് പതിക്കുന്നത് കാണാം എന്നാരോപിച്ച് സംഭവം വ്യക്തമാകുന്ന വീഡിയോ എഎപി പുറത്തുവിട്ടു.
''ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയുടെ ഗുണ്ടകള്‍ അരവിന്ദ് കെജ്രിവാളിനെ കല്ലേറ് നടത്തുകയും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താതിരിക്കാന്‍ ഉപദ്രവിക്കുകയും ചെയ്തു. ബി.ജെ.പിക്കാരേ, നിങ്ങളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തില്‍ കേജ്രിവാള്‍ ജി ഭയപ്പെടാന്‍ പോകുന്നില്ല, ഡല്‍ഹിയിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് തക്ക മറുപടി നല്‍കും.'' എഎപി എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
വാഹനവ്യൂഹത്തിന് സമീപം ചിലര്‍ കരിങ്കൊടി വീശുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇത് പ്രചാരണത്തെ തടസ്സപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് എഎപി അവകാശപ്പെടുന്നു. എപിയുടെ അവകാശവാദത്തിന് മിനിറ്റുകള്‍ക്ക് ശേഷം, ന്യൂഡല്‍ഹി നിയോജക മണ്ഡലത്തില്‍ പ്രചാരണത്തിനിടെ അരവിന്ദ് കെജ്രിവാളിന്റെ വാഹനവ്യൂഹം രണ്ട് പേരുടെ മേല്‍ പാഞ്ഞുകയറിയതായി ആരോപിച്ച് ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മ ഒരു വീഡിയോ പങ്കിട്ടു.
''ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അരവിന്ദ് കേജ്രിവാളിന്റെ കാറ് രണ്ട് യുവാക്കളെ ഇടിച്ചു. ഇരുവരെയും ലേഡി ഹാര്‍ഡിംഗ് ആശുപത്രിയിലേക്ക് മാറ്റി. മുന്നില്‍ തോല്‍വി കണ്ടപ്പോള്‍ ആളുകളുടെ ജീവന്റെ വില മറന്നു. ഞാന്‍ ഹോസ്പിറ്റലിലേക്ക് പോവുകയാണ്.' ന്യൂഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മ്മ എക്സില്‍ എഴുതി.
അതേസമയം, ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ എഎപിയുടെ അവകാശവാദങ്ങള്‍ നിഷേധിച്ച് ആക്രമണം നടന്നിട്ടില്ല എന്ന് പറഞ്ഞു.
''ലാല്‍ ബഹാദൂര്‍ സദാനില്‍ അരവിന്ദ് കേജ്രിവാള്‍ ഒരു പൊതുയോഗം നടത്തുകയായിരുന്നു, ചോദ്യങ്ങള്‍ ചോദിക്കാന്‍ ചില ബിജെപി പ്രവര്‍ത്തകര്‍ എത്തി. ഇത് ഇരുവശത്തുനിന്നും മുദ്രാവാക്യം വിളികള്‍ക്ക് കാരണമായി. പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ രണ്ട് ഗ്രൂപ്പുകളില്‍ നിന്നുമുള്ള ആളുകളെ പിരിച്ചുവിട്ടു.'' വൃത്തങ്ങള്‍ പറഞ്ഞു.
ഫെബ്രുവരി 5 ന് നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലം നിര്‍ണായക പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമ്പോള്‍, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതിനെ കോണ്‍ഗ്രസും ബിജെപി മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനും വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ എംപിയുമായ പര്‍വേഷ് വര്‍മ്മയെയുമാണ് ഈ സീറ്റില്‍ നിന്ന് മത്സരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha