ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി സഞ്ജയ് റോയിയുടെ ശിക്ഷ ഇന്ന് വിധിക്കും...
ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി സഞ്ജയ് റോയിയുടെ ശിക്ഷ ഇന്ന് വിധിക്കും.
വെള്ളിയാഴ്ചയാണ് സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്കുള്ള ശിക്ഷ വിധിക്കുക. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് പ്രതി സഞ്ജയ് റോയി.
ആദ്യം കൊല്‍ക്കത്ത പൊലീസും തുടര്‍ന്ന് സിബിഐയുമാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസ് അന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിട്ടുണ്ടായിരുന്നു. സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് വിധി പറയുന്നത്.
മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളിലാണ് 31 കാരിയായ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ലു പൊട്ടിയ നിലയിലായിരുന്നു. ബലാത്സംഗത്തിനു ശേഷം ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും പൊലീസ് തന്നെ കുടുക്കിയതാണെന്നുമാണ് പ്രതിയുടെ വാദം. യഥാര്‍ഥ പ്രതികള്‍ കാണാമറയത്താണെന്നുമാണ് സഞ്ജയ് റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്.
അതേസമയം തന്റെ മകന്‍ കുറ്റക്കാരനാണെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ അവന് ലഭിക്കണമെന്ന് സഞ്ജയ് റോയിയുടെ മാതാവ്. വധശിക്ഷ ലഭിച്ചാലും എതിര്‍ക്കില്ല. മൂന്ന് പെണ്‍മക്കളുടെ മാതാവായ തനിക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാകുമെന്നും അവര്‍ പറയുന്നു. 'കോടതി അവനെ തൂക്കിലേറ്റാന്‍ തീരുമാനിച്ചാല്‍, നിയമത്തിനു മുന്നില്‍ അവന്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടതിനാല്‍ എനിക്ക് എതിര്‍പ്പില്ല. ഞാന്‍ ഒറ്റയ്ക്ക് കരയും, എന്നാല്‍ വിധിയായി കണ്ട് ഇതിനെ ഉള്‍ക്കൊള്ളും'- 70കാരി പറഞ്ഞു.
"
https://www.facebook.com/Malayalivartha