സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി അക്രമിച്ച പ്രതിയെ പിടികൂടാന്‍ മുംബൈ പൊലീസിനെ സഹായിച്ചത് പ്രതി നടത്തിയ ഗൂഗിള്‍ പേ ഇടപാട്
നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി അക്രമിച്ച പ്രതിയെ പിടികൂടാന്‍ മുംബൈ പൊലീസിനെ സഹായിച്ചത് പ്രതി നടത്തിയ ഗൂഗിള്‍ പേ ഇടപാട്. ശനിയാഴ്ച രാവിലെ പ്രതി വോര്‍ളിക്ക് സമീപത്തെ കടയില്‍ വച്ച് പൊറോട്ടയുടെയും കുപ്പിവെള്ളത്തിന്റെയും പണം ഗൂഗില്‍ പേയിലൂടെ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയിലേക്ക് നയിക്കാവുന്ന തെളിവുകള്‍ പൊലീസിനു ലഭിച്ചത്. അക്രമിയെ പിടികൂടുന്നതിനായി 300 ഉദ്യോഗസ്ഥരെയാണ് മുംബൈ പൊലീസ് നിയോഗിച്ചിരുന്നതെന്നാണ് വിവരം.
70 മണിക്കൂര്‍ മുംബൈ പൊലീസിനെ വട്ടം കറക്കിയ പ്രതിയെ പിടികൂടാന്‍ 600ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും അന്വേഷണം സംഘം പരിശോധിച്ചു. ഇതിനിടയിലായിരുന്നു ഗൂഗില്‍ പേ ഇടപാട് വഴിത്തിരിവായത്. വോര്‍ളിയിലെ സെഞ്ചറി മില്ലിന് സമീപമുള്ള കച്ചവടക്കാരനില്‍നിന്നായിരുന്നു പ്രതി പൊറോട്ടയും വെള്ളവും വാങ്ങിയത്. തുക ഗൂഗിള്‍ പേ വഴി നല്‍കി. കച്ചവടക്കാരനെ പൊലീസ് വിശദമായി ചോദ്യംചെയ്തതിലൂടെ പ്രതിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചു. വൈകാതെ പ്രതിയെ താനെയില്‍നിന്നും പിടികൂടുകയായിരുന്നു. താനെയിലെ ലേബര്‍ ക്യാംപിന് സമീപത്തെ കണ്ടല്‍ക്കാടുകളില്‍ നിന്നായിരുന്നു പ്രതി പിടിയിലായത്.
വോര്‍ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സെഞ്ചറി മില്ലിനടുത്തു പ്രതി കുറച്ചു നാളുകളായി താമസിച്ചിരുന്നതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് ഏഴു സംഘങ്ങളായി തിരിഞ്ഞ് വോര്‍ളി-കോളിവാഡ പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു അന്വേഷണ സംഘം. പ്രതിയുടെ ചിത്രങ്ങള്‍ കച്ചവടക്കാര്‍ക്ക് കാണിച്ചു കൊടുത്തായിരുന്നു അന്വേഷണം ആദ്യം മുന്നോട്ട് പോയത്.
https://www.facebook.com/Malayalivartha