ഡോണള്‍ഡ് ട്രംപിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി; 'തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണള്‍ഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങള്‍
അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡോണള്‍ഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമ മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരണമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. 'തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണള്‍ഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങള്‍.
രണ്ട് രാജ്യങ്ങളുടെയും ഒരുമിച്ച് ഒന്നായുള്ള പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടരാന്‍ ഒരിക്കല്‍ കൂടി ഞാന്‍ ആഗ്രിക്കുന്നു. രണ്ട് രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കാനും, പുതിയതും മികച്ചതുമായ ലോകത്തിന് രൂപം നല്‍കാനും പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രിക്കുന്നു. വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു'- എന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്.
അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയടക്കം രാജ്യങ്ങളില്‍ നിന്നുള്ള ലോക നേതാക്കളെ സാക്ഷി നിര്‍ത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിള്‍ കൈയ്യില്‍ കരുതിയാണ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്.
അമേരിക്കയുടെ സുവര്‍ണ കാലത്തിന്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിച്ചപ്പോള്‍ സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നത്.
കഴിഞ്ഞ 8 വര്‍ഷം താന്‍ നേരിട്ട വെല്ലുവിളി കള്‍ മറ്റൊരു പ്രസിഡന്റും നേരിട്ടിട്ടില്ല. വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നു. ഇനി മുതല്‍ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. 2025 ജനുവരി 20 ലിബറേഷന്‍ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha