സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വെച്ചിരുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമായേക്കും
മധ്യപ്രദേശിലെ ഭോപാലില്‍ പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് സെയ്ഫ് അലിഖാന് നഷ്ടമായേക്കും. പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ സെയ്ഫ് അലിഖാന്റെ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി.
ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നതിനെതിരെ നേരത്തെ സെയ്ഫ് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2024 ഡിസംബര്‍ 13-ന് സെയ്ഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍, അപ്പീല്‍ ട്രൈബ്യൂണലിനെ സമീപിക്കാന്‍ സെയ്ഫിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കുടുംബം നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഇതോടെ സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വെക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാരിന് ഏറ്റെടുക്കാം.
മധ്യപ്രദേശിലെ ഭോപാലില്‍ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുവകകള്‍. 2014-ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി ഡിപാര്‍ട്മെന്റ് സെയ്ഫ് അലിഖാന് നോട്ടീസ് നല്‍കുന്നത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടീസ്. 2015-ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ സെയ്ഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.
വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയി അവിടുത്തെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്. ഭോപാല്‍ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മകള്‍ ആബിദ സുല്‍ത്താന്‍ പാകിസ്താനിലേക്ക് ചേക്കേറിയിരുന്നു. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തിലായത്.
https://www.facebook.com/Malayalivartha