ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ: 10 വര്‍ഷം പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തെ ലിംഗവിവേചനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ആശങ്കകള്‍ പരിഹരിക്കുന്നതിനായി 2015 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി 10 വര്‍ഷം പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പെണ്‍കുട്ടികളെ സംരക്ഷിക്കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നതിന്റെ അര്‍ത്ഥം.
കഴിഞ്ഞ ഒരു ദശകത്തിനിടെ ഈ പദ്ധതിയെ ജനങ്ങള്‍ ഏറ്റെടുത്തെന്നും സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളുടെ പങ്കാളിത്തം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ വിജയത്തിന് സഹായിച്ച ജനങ്ങള്‍ക്കും വിവിധ സന്നദ്ധ സംഘടനകള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ കൈവരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതുവഴി കുട്ടികളുടെ ലിംഗാനുപാതം കുറവുള്ള ജില്ലകളില്‍ കാര്യമായ പുരോഗതി റിപ്പോര്‍ട്ട് ചെയ്തു. ബോധവല്‍ക്കരണ ക്യാമ്പെയ്നുകള്‍ ലിംഗസമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിലുള്ള ബോധം വളര്‍ത്തി.
താഴെത്തട്ടില്‍ സാമൂഹിക മാറ്റം വളര്‍ത്തിയെടുക്കാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി വരും വര്‍ഷങ്ങളിലും ഈ പ്രസ്ഥാനത്തിന് തുടര്‍ച്ചയായ പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
2015 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ പാനിപ്പത്തിലാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. പദ്ധതി യാഥാര്‍ത്ഥ്യമായതിന് ശേഷം ജനനസമയത്ത് ദേശീയ ലിംഗാനുപാതം 2014-15 ല്‍ 918 ആയിരുന്നത് 2023-24 ല്‍ 930 ആയി ഉയര്‍ന്നു. സെക്കന്‍ഡറി വിദ്യാഭ്യാസ തലത്തില്‍ പെണ്‍കുട്ടികളുടെ മൊത്തം എന്റോള്‍മെന്റ് അനുപാതം 75.51% ല്‍ നിന്ന് 78% ആയി ഉയര്‍ന്നു.
ഇത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതില്‍ ബേട്ടി ബച്ചാവോ ബേഠി പഠാവോ പദ്ധതി വഹിച്ച പങ്ക് വ്യക്തമാക്കുന്നു. മാതൃ-ശിശു ആരോഗ്യരംഗത്തും ഈ പദ്ധതി വലിയ പുരോഗതിയാണ് കൈവരിച്ചത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെലിവറികള്‍ 61% ല്‍ നിന്ന് 97.3% ആയി ഉയര്‍ന്നു. പ്രസവാനന്തര പരിചരണ രജിസ്‌ട്രേഷന്‍ 61%ല്‍ നിന്ന് 80.5% ആയി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha