ട്രെയിനില്‍ പുക കണ്ട് പുറത്തേക്ക് ചാടി; സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിനിടിച്ച് 11 പേര്‍ക്ക് ദാരുണാന്ത്യം
മഹാരാഷ്ട്രയില്‍ ജല്‍ഗാവില്‍ ട്രെയിനില്‍ തീപടര്‍ന്നതായുള്ള അഭ്യൂഹത്തെ തുടര്‍ന്ന് പുറത്തേക്ക് ചാടിയ 11 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിച്ചാണ് 11 പേരും മരിച്ചത്. മുംബൈ-ലക്‌നൗ പാതയില്‍ ഓടുന്ന പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. ബെംഗളൂരു-ന്യൂഡല്‍ഹി പാതയിലോടുന്ന കര്‍ണാടക എക്‌സ്പ്രസ് ട്രെയിനാണ് ട്രാക്കിലുണ്ടായിരുന്നവരെ ഇടിച്ചത്. മുംബൈയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണിത്.
പത്തോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരമുണ്ട്. ട്രെയിനില്‍ തീപിടിച്ചതായി റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ഇതു കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ ചാടിയതെന്നുമാണ് വിവരം. പര്‍ധഡെ റെയില്‍വേ സ്റ്റേഷന് സമീപം വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പരിഭ്രാന്തരായ മുപ്പത്തിയഞ്ചോളം യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ചാടിയെന്നാണ് വിവരം. പരുക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരും പൊലീസും അടക്കമുള്ളവര്‍ സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഡിവിഷണല്‍ റെയില്‍വേ മാനേജരും അപകടസ്ഥലത്തെത്തി.
ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
https://www.facebook.com/Malayalivartha