മഹാരാഷ്ട്രയിലെ ജല്‍ഗാവ് ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി
മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ബുധനാഴ്ചയുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. തീ പിടുത്തം ഉണ്ടായെന്ന അഭ്യൂഹം കേട്ട് ഭയപ്പെട്ട് പുഷ്പക് എക്സ്പ്രസില്‍ നിന്ന് ചാടിയ യാത്രക്കാര്‍ തൊട്ടടുത്ത ട്രാക്കില്‍ എതിര്‍ദിശയില്‍ എത്തിയ കര്‍ണാടക എക്സ്പ്രസ് ഇടിച്ച് മരണപ്പെടുകയായിരുന്നു.
ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന പുഷ്പക് എക്സ്പ്രസിന്റെ ഒരു കോച്ചില്‍ ജല്‍ഗാവിന് സമീപം വെച്ചാണ് തീ പിടിത്തം ഉണ്ടെന്ന അഭ്യൂഹം പരക്കുന്നത്. ഒരു കോച്ചില്‍ തീപിടുത്തമുണ്ടായെന്ന് കേട്ട യാത്രക്കാര്‍ രക്ഷക്കായി ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു.
ട്രെയിന്‍ നിര്‍ത്താന്‍ യാത്രക്കാര്‍ എമര്‍ജന്‍സി ചെയിന്‍ വലിച്ചു, അവരില്‍ പലരും ട്രെയിനില്‍ നിന്ന് ചാടി സമാന്തര ട്രാക്കില്‍ ഇറങ്ങി. എന്നാല്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കര്‍ണാടക എക്സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു.
അതേസമയം, യാത്രക്കാരില്‍ പരന്ന അഭ്യൂഹം പോലെ കോച്ചിനുള്ളില്‍ തീപ്പൊരിയോ തീയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും, കൃത്യമായ മരണസംഖ്യയും പരിക്കേറ്റവരുടെ അവസ്ഥയും പരിശോധിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha