ഋത്വിക് ഘട്ടക്കിന്റെ ചെറുമകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മ
കൊല്‍ക്കത്ത : പ്രശസ്‌ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋത്വിക്ക് ഘട്ടക്കിന്റെ ചെറുമകള്‍ അദിതി ഘട്ടക്ക് (19) അന്തരിച്ചു. ഇക്കഴിഞ്ഞ മുപ്പതിന് ഉണ്ടായ കാര്‍ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദിതി ഇന്നലെ ഉച്ചകഴിഞ്ഞാണ് മരിച്ചത്. അതേസമയം അപകടത്തെക്കുറിച്ച് സംശയമുണ്ടെന്നും ഇത് ഒരു ആസൂത്രിത കൊലപാതകമാണെന്നും കാണിച്ച് അദിതിയുടെ അമ്മ സംഘിത, തില്‍ജാല പൊലീസില്‍ പരാതി നല്‍കി. സുഹൃത്തായ ഗ്യാന്‍ജിത്ത് പട്ടാര്‍ക്കൊപ്പം കാറില്‍ പുറത്ത് പോയ അദിതി അപകടത്തില്‍ പെടുകയായിരുന്നു. ഇവര്‍ക്കൊപ്പം അലിഷ,ടാനിയ എന്നീ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ കൂടി ഉണ്ടായിരുന്നു. ഖേയാതയിലെ ഗോല്‍ബാത്തിയിലേക്ക് രാത രാത്രി എട്ട് മണിയോടെയാണ് ഇവര്‍ പോയത്. കാറോടിച്ചിരുന്ന ഗ്യാന്‍ജിത്ത് ഫോണില്‍ സംസാരിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് അടുത്തുളള കനാലിലേക്ക് വീണു. കനാലില്‍ നിന്ന് ആദ്യം പുറത്ത് വന്ന ഗ്യാന്‍ജിത്ത് സഹായത്തിനായി പലരെയും വിളിച്ചെങ്കിലും ആരും എത്തിയില്ലത്രേ. ഒടുവില്‍ ഗ്യാന്‍ജിത്ത് സ്വയം മൂവരെയും പുറത്തെത്തിച്ചു. ഏറെ പണിപ്പെട്ടാണ് കാറിന്റെ മറുവശത്തായിരുന്ന അദിതിയെ പുറത്തെടുത്തത്. അവശയായ അദിതിയെ അടുത്തുളള റൂബി ആസ്‌പത്രിയില്‍ എത്തിച്ച ശേഷം അമ്മയെ വിവരമറിച്ചു. എന്നാല്‍ അദിതിയുടെ ബന്ധുക്കള്‍ എത്തുന്നതിന് മുമ്പ് തന്നെ മറ്റ് മൂവരും സ്ഥലം വിട്ടു. ഇതാണ് ആശങ്കപ്പെടുത്തുന്നത്. കൂടാതെ വീട്ടുകാരുടെ സമ്മതമില്ലാതെ പുറത്ത് പോകാത്ത അദിതിയെക്കുറിച്ച് അന്നത്തെ ദിവസം യാതൊരു വിവരവും ഇല്ലായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. അതേസമയം ആറ് മണിയോടെ അദിതിയെ ഗ്യാന്‍ജിത്ത് ലേക്ക് ഗാര്‍ഡനിനടുത്തുളള ഒരു കോഫീഷോപ്പിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും മുത്തശിസുരാമ ഘട്ടക്കിന്റെ വസതിയിലായിരുന്ന അദിതി അവിടെ നിന്ന് ഗ്യാന്‍ജിത്തിനെ കാണാനായി പോകുകയായിരുന്നെന്നുമാണ് പൊലീസ് ഭാക്ഷ്യം. കസബയിലുളള ഗ്യാന്‍ജിത്തിന്റെ വസതി ഡിസംബര്‍ ഒന്ന് മുതല്‍ പൂട്ടിക്കിടക്കുകയാണ്. അയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫും. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha