നാഗ്പൂരിനടുത്തുളള ആയുധ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുളള ആയുധ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലാണ് സംഭവം. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയാണ് സ്ഥിരീകരിച്ചത്. ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചത് പ്രാഥമിക വിവരം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.
ഫാക്ടറിയിലെ എല്‍ടിപി വിഭാഗത്തില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സ്ഫോടനം സംഭവിച്ചതെന്ന് ജില്ലാ കളക്ടര്‍ സഞ്ജയ് കോള്‍ട്ടെ അറിയിച്ചു. അപകടസ്ഥലത്ത് അഗ്‌നിശമനാസേനയും മെഡിക്കല്‍ സംഘവും നിലയുറപ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തിനിടയില്‍ എല്‍ടിപിയുടെ മേല്‍ക്കൂര തകരുകയും പത്തോളം തൊഴിലാളികള്‍ കുടുങ്ങി പോകുകയുമായിരുന്നു. അതില്‍ മൂന്ന് പേരെ ജീവനോടെ രക്ഷിക്കുകയും ഒരാള്‍ സംഭവ സ്ഥലത്തുവച്ചുത്തന്നെ മരണപ്പെടുകയുമായിരുന്നു. എസ്‌കവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ മാറ്റുന്നത് പുരോഗമിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അഞ്ച് കിലോമീറ്ററോളമായിരുന്നു സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. ഫാക്ടറിയില്‍ നിന്ന് അതിരൂക്ഷമായി പുക വരുന്ന വീഡിയോകളും ചിത്രങ്ങളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പ്രതികരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha