റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്ക് തമിഴ്‌നാട് ഗവര്‍ണറുടെ ക്ഷണം
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്ക് തമിഴ്‌നാട് ഗവര്‍ണറുടെ ക്ഷണം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചെന്നൈ ഗിണ്ടിയിലുള്ള രാജ്ഭവനില്‍ വച്ച് നടത്താറുള്ള ചായ സല്‍ക്കാരത്തിലേക്കാണ് വിജയിയെ ക്ഷണിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി, മന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പാര്‍ലമെന്റ് - നിയമസഭാ സാമാജികര്‍, ഹൈക്കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥര്‍, സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. അതേസമയം വിജയ് സല്‍ക്കാരത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഡിസംബര്‍ 30ന് വിജയും പാര്‍ട്ടി ഭാരവാഹികളും ഗവര്‍ണര്‍ ആര്‍.എന്‍.രവിയെ രാജ്ഭവനിലെത്തി നേരിട്ട് കണ്ടിരുന്നു. തമിഴ്‌നാട്ടില്‍ തകര്‍ന്നടിഞ്ഞ ക്രമസമാധാനം ഉറപ്പുവരുത്തുക, സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സന്ദര്‍ശനം. ഇതാവശ്യപ്പെട്ടു കൊണ്ടുള്ള ഒരു നിവേദനവും ഗവര്‍ണര്‍ക്ക് വിജയ് കൈമാറിയിരുന്നു.
പാര്‍ട്ടി രൂപീകരണത്തിനു ശേഷം ഇതാദ്യമായാണ് വിജയിയെ ഗവര്‍ണര്‍ ഔദ്യോഗികമായി രാജ്ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. നിലവില്‍ തമിഴക വെട്രി കഴകത്തിന് നിയമസഭയിലോ പാര്‍ലമെന്റിലോ പ്രാതിനിധ്യമില്ല. വിജയിയ്ക്ക് രാജ്ഭവനിലേക്കു ലഭിച്ച ക്ഷണം ശ്രദ്ധാപൂര്‍വമാണ് ഡിഎംകെയും ബിജെപിയും ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha