ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിൽ ബംഗ്ളാദേശുമായി അടുത്ത് പാകിസ്ഥാൻ...ഐഎസ്‌ഐയുടെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ ബംഗ്ളാദേശിലേക്കയച്ച് പാകിസ്ഥാൻ...
മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അഭയം നൽകിയതിനുപിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിൽ ബംഗ്ളാദേശുമായി അടുത്ത് പാകിസ്ഥാൻ. ബംഗ്ളാദേശി സൈനിക പ്രതിനിധിയുടെ സന്ദർശനത്തിന് പിന്നാലെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ ബംഗ്ളാദേശിലേക്കയച്ച് പാകിസ്ഥാൻ. അയൽരാജ്യങ്ങൾ തമ്മിലെ വളർന്നുവരുന്ന ബന്ധത്തിൽ ജാഗരൂകരാണ് ഇന്ത്യ.
പാക് ചാര ഏജൻസിയായ ഐഎസ്ഐയുടെ ഉന്നത ഉദ്യോഗസ്ഥർ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക സന്ദർശിക്കും. ഇക്കാലയളവില്‍ ബംഗ്ലാദേശ്-പാക് സൈനിക ഉദ്യോഗസ്ഥർ തമ്മിലെ ചർച്ചകളിലും വർധനവുണ്ടായി.സാഹചര്യം വിലയിരുത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ലെഫ്. ജനറൽ എസ് എം കമ്രൂൽ ഹസന്റെ നേതൃത്വത്തിൽ ആറ് മുതിർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ജനുവരി 13നാണ് റാവൽപിണ്ടിയിലെത്തി പാക് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. പിന്നാലെ ജനുവരി 21നാണ് പാക് മേജർ ജനറൽ ഷാഹീദ് ആമിർ അഫ്‌സറിന്റെ
സംഘം ബംഗ്ളാദേശിൽ സന്ദർശനം നടത്തിയത്. 20 വർഷത്തിനിടെ ആദ്യമായാണ് ഐഎസ്‌ഐ സംഘം ബംഗ്ളാദേശിലെത്തുന്നത്.രാജ്യസുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും ശ്രദ്ധച്ചെലുത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.ബംഗ്ളാദേശുമായി സൗഹൃദം നിലനിർത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. സാഹചര്യങ്ങൾ നിരീക്ഷിച്ച് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന കാലത്ത്, ബംഗ്ലാദേശിൽ പാക് ഐഎസ്‌ഐയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ചിരുന്നു. ഏജൻസിയുടെ രഹസ്യ പ്രവർത്തനങ്ങളും രാഷ്ട്രീയ ഇടപെടലുകളും രാജ്യത്ത് അസ്ഥിരതയ്ക്ക് കാരണമാകുമെന്ന വിലയിരുത്തലിലായിരുന്നു ഇത്. എന്നാൽ ഹസീന രാജ്യം വിടുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയും ചെയ്തതോടെ പാകിസ്ഥാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു. അതേസമയം, അയൽപക്കത്തെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha