പരീക്ഷയ്ക്കിടെ സാനിറ്ററി പാഡ് ആവശ്യപ്പെട്ടതിന് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്തിറക്കി നിര്‍ത്തിയതായി പരാതി
പരീക്ഷയ്ക്കിടെ സാനിറ്ററി പാഡ് ആവശ്യപ്പെട്ടതിന് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്തിറക്കി നിര്‍ത്തിയതായി പരാതി. റായ്ബറേലിയിലെ ഒരു ഗേള്‍സ് സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയെ ഒരു മണിക്കൂറോളം പുറത്ത് നിര്‍ത്തിയതായാണ് പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ ഔദ്യോഗിക അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്. സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധങ്ങളാണ് സ്‌കൂളിന് നേരെ ഉയരുന്നത്.
ശനിയാഴ്ച്ച പരീക്ഷയ്ക്കിടെ ആര്‍ത്തവം ആരംഭിച്ച വിദ്യാര്‍ഥിനി സാനിറ്ററി പാഡിനായി വിദ്യാര്‍ത്ഥികളോടും തുടര്‍ന്ന് പ്രിന്‍സിപ്പലിനോടും സഹായം തേടിയപ്പോഴായിരുന്നു പുറത്ത് നിര്‍ത്തിയതെന്ന് പരാതിയില്‍ പറയുന്നു. സഹായിക്കുന്നതിനു പകരം വിദ്യാര്‍ത്ഥിനിയെ അവഗണിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ആര്‍ത്തവം തുടങ്ങിയെന്ന് മനസിലാക്കിയ മകള്‍ പരീക്ഷ എഴുതാനായി സഹായം തേടിയതാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രിന്‍സിപ്പലിനോട് സാനിറ്ററി പാഡ് ആവശ്യപ്പെട്ടപ്പോള്‍ ക്ലാസ് മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ഒരു മണിക്കൂറോളം പുറത്ത് നില്‍ക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനി പറഞ്ഞു. സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ സ്‌കൂള്‍ ഇന്‍സ്പെക്ടര്‍ (ഡിഐഒഎസ്), സംസ്ഥാന വനിതാ കമ്മീഷന്‍, വനിതാ ക്ഷേമ വകുപ്പ് എന്നിവര്‍ക്ക് പിതാവ് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
വിഷയം അന്വേഷിച്ചുവരികയാണെന്നും കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ ദേവകി നന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha