അരവിന്ദ് കെജ്രിവാളിനെ മദ്യ അഴിമതിയുടെ സൂത്രധാരനെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി
ഡല്‍ഹിയിലെ പടപഡ്ഗഞ്ചില് തിരഞ്ഞെടുപ്പ് റാലിയില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യ അഴിമതിയുടെ സൂത്രധാരനെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി. പുതിയ രാഷ്ട്രീയം അവതരിപ്പിക്കുമെന്നും ഡല്‍ഹിയെ മാറ്റുമെന്നുമായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം.
എന്നാല്‍ ഡല്‍ഹിയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമായി വന്നപ്പോള്‍ അദ്ദേഹത്തെ എവിടെയും കാണാനില്ലായിരുന്നു. ഡല്‍ഹിയില്‍ അക്രമം നടന്നപ്പോഴും (2020ലെ കലാപം) അദ്ദേഹത്തെ എവിടെയും കണ്ടില്ല. 'ശുദ്ധമായ രാഷ്ട്രീയ'ത്തെക്കുറിച്ചാണ് കെജ്രിവാള് സംസാരിച്ചത്. എന്നാല്‍ ഏറ്റവും വലിയ മദ്യ അഴിമതി നടന്നത് ഡല്‍ഹിയിലാണ്. രാഹുല്‍ വിമര്‍ശിച്ചു.
കെജ്രിവാളിനെതിരെ ബിജെപി ഉന്നയിച്ച 'ശീഷ്മഹല്‍' (ചില്ലുമേട) വിവാദത്തെയും രാഹുല്‍ ഗാന്ധി ഉയര്‍ത്തികാട്ടി. കെജ്രിവാള് ശീഷ്മഹലിലാണ് താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ബംഗ്ലാവ് നവീകരിക്കാന്‍ എഎപി 45 കോടി രൂപ ചെലവഴിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങളെ പിന്തുണക്കുന്നതായിരുന്നു രാഹുലിന്റെ ആരോപണം.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി നിന്നുക്കൊണ്ട് എഎപിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തനിയെ മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് ഇരു പാര്‍ട്ടികളും എത്തിചേര്‍ന്നതോടെ കനത്ത ആരോപണ പ്രത്യാരോപണങ്ങള്ക്കായിരുന്നു രാഷ്ട്രീയ ലോകം സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് എഎപി ബന്ധം കൂടുതല്‍ വഷളാകുന്നുവെന്നതിന്റെ ശക്തമായ സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha