ഇനിയാണ് യഥാര്‍ത്ഥ അങ്കം... ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വേയിലും ദില്ലി ബിജെപിക്ക്; എഎപിയുടെ പ്രതീക്ഷകള്‍ കൈവിടുന്നു
![](https://www.malayalivartha.com/assets/coverphotos/w657/326797_1738896396.jpg)
ഡല്‍ഹിയില്‍ വമ്പന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച ആംആദ്മി പാര്‍ട്ടിയെ ജനം കൈവിടുകയാണ്. ഡല്‍ഹി ബിജെപി തൂത്തുവാരുമെന്ന് കൂടുതല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇന്നലെ ഫലം പ്രവചിച്ച ആക്‌സിസ് മൈ ഇന്ത്യ, ടുഡേയ്‌സ് ചാണക്യ തുടങ്ങിയ ഏജന്‍സികള്‍ ബിജെപി അമ്പതിലധികം സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിച്ചു.
എന്നാല്‍ പ്രവചനങ്ങള്‍ തള്ളുകയാണ് ആംആദ്മി പാര്‍ട്ടി. ദില്ലിയില്‍ ബിജെപി കൊടുങ്കാറ്റാണെന്നാണ് ഇന്നലെ പുറത്തുവന്ന മൂന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളടക്കം കൃത്യമായി പ്രവചിച്ച ആക്‌സിസ് മൈ ഇന്ത്യ ബിജെപി 70 ല്‍ 44 മുതല്‍ 55 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. 48 ശതമാനം വോട്ടും ബിജെപി നേടും.
ടുഡേയ്‌സ് ചാണക്യ ഒരു പടികൂടി കടന്ന് ബിജെപി 57 സീറ്റുകള്‍വരെ നേടുമെന്നാണ് പ്രവചിക്കുന്നത്. രണ്ട് ഏജന്‍സികളും എഎപി 25 വരെ സീറ്റില്‍ ഒതുങ്ങുമെന്ന് പ്രവചിച്ചു. സിഎന്‍എക്‌സ് 49 മുതല്‍ 61 സീറ്റുകള്‍ വരെ ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. എഎപി 10 മുതല്‍ 19 വരെ സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് ഇത്തവണയും കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് ഇതുവരെ പുറത്തുവന്ന എല്ലാ പ്രവചനങ്ങളും പറയുന്നത്. പരമാവധി 3 സീറ്റാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്.
അതേസമയം പ്രവചനങ്ങളില്‍ നിരാശരായ എഎപി ക്യാമ്പ് എക്‌സിറ്റ് പോളുകള്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണെന്ന വാദമാണ് ഉയര്‍ത്തുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെ മാറ്റി നിര്‍ത്താനാണ് ശ്രമമെന്നും എഎപി ആരോപിച്ചു. മസാജിംഗ് സെന്ററുകളും സ്പാകളും നടത്തുന്നവരൊക്കെയാണ് എക്‌സിറ്റ് പോള്‍ നടത്തുന്നതെന്നും ഫലം വരുമ്പോള്‍ എഎപി സര്‍ക്കാറുണ്ടാക്കുമെന്നും എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. ഇതുവരെ പുറത്തുവന്ന 13 എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ 2 ഏജന്‍സികള്‍ മാത്രമാണ് എഎപിക്ക് വിജയസാധ്യത പറയുന്നത്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.
എക്‌സിറ്റ് പോളുകള്‍ എഎപിയെ വിലകുറച്ചു കാണുകയാണെന്നും, കോണ്‍ഗ്രസ് 18 ശതമാനം വരെ വോട്ട് നേടുമെന്നും സന്ദീപ് ദീക്ഷിതും പ്രതികരിച്ചു. കൂടുതല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. അതിനിടെ ദില്ലിയില്‍ ബിജെപിക്ക് സാധ്യത പ്രവചിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ സഖ്യത്തിലെ സമാജ്വാദി പാര്‍ട്ടി രംഗത്തെത്തി. മമത ബാനര്‍ജിയോ ഡിഎംകെയോ സഖ്യത്തെ നയിക്കുകയാണെങ്കില്‍ മെച്ചപ്പെട്ട ഫലമുണ്ടാകുെന്ന് എസ്പി എംപിയും അഖിലേഷ് യാദവിന്റെ പിതൃസഹോദരനുമായ രാം ഗോപാല്‍ യാദവാണ് പറഞ്ഞത്. ഹരിയാനയിലും ബിഹാറിലും കോണ്‍ഗ്രസിന്റെ കടുംപിടുത്തമാണ് പരാജയത്തിന് കാരണമെന്നും, സഖ്യകക്ഷി നേതാക്കളോട് പോലും കോണ്‍ഗ്രസ് നേതൃത്വം സംസാരിക്കുന്നില്ലെന്നും എസ്പി എംപി കുറ്റപ്പെടുത്തി
ഡല്‍ഹിയില്‍ തീപാറിയ പ്രചാരണമായിരുന്നു എ.എ.പിയും ബി.ജെ.പിയും കോണ്‍?ഗ്രസും നടത്തിയത്. രാമായണത്തെ കൂട്ടുപിടിച്ചും പാര്‍ട്ടികള്‍ പോരടിക്കുന്ന കാഴ്ചയാണ് പ്രചാരണവേളയില്‍ കണ്ടത്. വനവാസകാലത്ത് സീതയെ തട്ടിക്കൊണ്ടുപോകാന്‍ രാവണന്‍ അയച്ച സ്വര്‍ണ മാനിനെപ്പോലെയാണ് ബി.ജെ.പി.യെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത് വിവാദത്തിന് തുടക്കമിട്ടു. വാഗ്ദാനങ്ങള്‍ പാലിക്കാതെ ബി.ജെ.പി. വഞ്ചിക്കുമെന്ന് കാണിക്കാനാണ് ഇത്തരത്തില്‍ കെജ്രിവാള്‍ പ്രതികരിച്ചതെങ്കിലും രാമായണത്തെ കെജ്രിവാള്‍ അവഹേളിച്ചെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
കെജ്രിവാള്‍ ഹിന്ദുവിരുദ്ധനാണെന്നും ബി.ജെ.പി. ആരോപിച്ചു. ഇല്ലാക്കഥ പറഞ്ഞ് കെജ്രിവാള്‍ രാമായണത്തെ അവഹേളിച്ചെന്നും ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നും ബി.ജെ.പി. ഡല്‍ഹി പ്രസിഡന്റ് വീരേന്ദ്ര സച്ദേവ പറഞ്ഞു. പിന്നാലെ പ്രായശ്ചിത്ത പ്രാര്‍ഥനയ്ക്ക് ബി.ജെ.പി. നേതാക്കള്‍ ഡല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തുകയും ചെയ്തു. എന്നാല്‍ വിട്ടുകൊടുക്കാതെ കെജ്രിവാളിന്റെ മറുപടിയുമെത്തി. രാവണനെ ന്യായീകരിക്കുന്ന അസുരപ്രേമികളായി ബി.ജെ.പി. നേതാക്കള്‍ മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍നിന്ന് നേതാക്കളെയിറക്കി ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രചാരണം വരെ ബി.ജെ.പി.യും കോണ്‍ഗ്രസും ഉയര്‍ത്തിക്കാട്ടി. അരവിന്ദ് കെജ്രിവാളിന്റെ മണ്ഡലമായ ന്യൂഡല്‍ഹിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മ പഞ്ചാബി നേതാക്കളുടെ വരവിനെ വിമര്‍ശിച്ചിരുന്നു. ഇത് എ.എ.പി. പ്രചാരണവിഷയമാക്കി. ബി.ജെ.പി. നേതാവ് പഞ്ചാബികളെ അപമാനിച്ചെന്ന് കെജ്രിവാള്‍ ആരോപിച്ചു. എന്നാല്‍, താന്‍ വിമര്‍ശിച്ചത് എ.എ.പി. നേതാക്കളെയാണെന്ന് വിശദീകരിച്ച് പിന്നാലെ വര്‍മ രംഗത്തെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha