നാലാംക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി
നാലാംക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി മണപ്പാറൈയിലെ സ്വകാര്യ സി.ബി.എസ്.ഇ. സ്‌കൂളിലാണ് സംഭവം. പീഡനവിവരം പുറത്തറിഞ്ഞതോടെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ അടിച്ചുതകര്‍ത്തു.
ക്ലാസ്മുറികളിലെ ഫര്‍ണീച്ചറുകളും സ്‌കൂളിന്റെ വാഹനങ്ങളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ഒടുവില്‍ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സ്‌കൂളില്‍നിന്ന് വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് നാലാംക്ലാസ് വിദ്യാര്‍ഥിനി മാതാപിതാക്കളോട് പീഡനവിവരം വെളിപ്പെടുത്തിയത്. ഇതോടെ രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് ഇരച്ചെത്തുകയായിരുന്നു.
സ്‌കൂളിന് നേരേ ആക്രമണം നടത്തിയ ഇവര്‍ തിരുച്ചിറപ്പള്ളി-ദിണ്ടിഗല്‍ റോഡും ഉപരോധിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഇവരുടെ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
സ്‌കൂള്‍ അടച്ചുപൂട്ടണമെന്നും ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു. ഇതോടെ ജില്ലാ പോലീസ് മേധാവി സെല്‍വനാഗരത്നത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് എസ്.പി. പ്രതിഷേധക്കാരുമായി സംസാരിക്കുകയും പ്രതികള്‍ക്കെതിരേ നടപടി ഉറപ്പുനല്‍കുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha