പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍
![](https://www.malayalivartha.com/assets/coverphotos/w657/327217_1739441614.jpg)
ആദായ നികുതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. നികുതി സമ്പ്രദായം ലളിതമാക്കുന്നതിനും ആധുനികവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നികുതിദായകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ ലളിതമായാണ് ബില്ലിലെ വ്യവസ്ഥകള്‍ വിശദമാക്കിയിട്ടുള്ളത്. പുതിയ നികുതികള്‍ ബില്ലിലില്ല. നിയമപരമായ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുമാണ് പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് ധനകാര്യ സെക്രട്ടറി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
പഴയ നിയമപ്രകാരം മുന്‍ വര്‍ഷത്തെ (പ്രീവിയസ് ഇയര്‍) വരുമാനത്തിനാണ് വിലയിരുത്തല്‍ വര്‍ഷത്തില്‍ (അസസ്മെന്റ് ഇയര്‍) നികുതി നല്‍കുന്നത്. എന്നാല്‍, പുതിയ ബില്ലില്‍ നികുതി വര്‍ഷം (ടാക്സ് ഇയര്‍) മാത്രമേയുള്ളൂ. വിലയിരുത്തല്‍ വര്‍ഷം എന്നത് ഒഴിവാക്കി. അതുപോലെ ആധുനികകാലത്തെ മുന്നില്‍ക്കണ്ട് വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍, ക്രിപ്റ്റോ ആസ്തികള്‍ എന്നിവയില്‍ കൂടുതല്‍ വ്യക്തത വരുത്താനും 2025-ലെ ബില്ലില്‍ ശ്രമിച്ചിട്ടുണ്ട്. പുതിയ നിയമം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിലെ ആദായ നികുതി നിയമത്തില്‍ 23 അധ്യായങ്ങളിലായി 298 വിഭാഗങ്ങളുണ്ട്. വ്യക്തിഗത ആദായ നികുതി, കോര്‍പറേറ്റ് നികുതി, സെക്യൂരിറ്റി ഇടപാട് നികുതി, സമ്മാന നികുതി എന്നിവയ്ക്കെല്ലാം വ്യത്യസ്ത വ്യവസ്ഥകളാണ് ബാധകം. അപ്രസക്തമായ ഭേദഗതികളും വകുപ്പുകളും ഒഴിവാക്കിയാണ് പുതിയ ബില്ല് കൊണ്ടുവന്നിട്ടുള്ളത്.
കാലാകാലങ്ങളായി വന്ന ഭേദഗതികള്‍ 1961-ലെ ആദായ നികുതി നിയമത്തിന് അമിതഭാരമേല്‍പ്പിക്കുകയും അതിന്റെ ഭാഷ സങ്കീര്‍ണമാക്കുകയും ചെയ്തുവെന്ന് ബില്ലിലെ പ്രസ്താവനയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറയുന്നു. നികുതി ഭരണത്തിന്റെ കാര്യക്ഷമതയെ അത് ബാധിക്കുകയും നികുതിദാതാക്കളുടെ ചെലവ് വര്‍ധിപ്പിക്കുകയും ചെയ്തു. നിയമത്തിലെ സങ്കീര്‍ണമായ വകുപ്പുകളേയും ഘടനയേയും കുറിച്ച് ഉദ്യോഗസ്ഥരും ടാക്സ് പ്രാക്ടീഷണര്‍മാരുമെല്ലാം ആശങ്കയറിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 1961-ലെ നിയമം സമഗ്രമായി പുനഃപരിശോധിച്ച് ലളിതവും എളുപ്പത്തില്‍ മനസ്സിലാക്കാനാകുന്നതുമായ പുതിയ നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha