ബി.ബി.സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

2023ല്‍ രജിസ്റ്റര്‍ ചെയ്ത വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ബി.ബി.സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബി.ബി.സി ഇന്ത്യയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതം പിഴ നല്‍കണമെന്നും ഇ.ഡി നിര്‍ദ്ദേശിച്ചു. ഡിജിറ്റല്‍ മാദ്ധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്ന് ഇ.ഡി വ്യക്തമാക്കി. 2021 ഒക്ടോബര്‍ 15 മുതല്‍ ഓരോ ദിവസവും 5000 രൂപ എന്ന കണക്കിനാണ് ബി.ബി.സി ഇന്ത്യക്ക് പിഴയിടുന്നതെന്നും ഇ.ഡി അറിയിച്ചു. 3,44,45,850 രൂപയാണ് കൃത്യം പിഴത്തുകയെന്നും ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഡയറക്ടര്‍മാരായ ഇന്ദുശേഖര്‍ സിന്‍ഹ. പോള്‍ മൈക്കിള്‍ ഗിബ്ബന്‍സ്, ഗൈല്‍സ് ആന്റണി ഹണ്ട് എന്നിവര്‍ക്കാണ് 1,14,82,950 രൂപ പിഴയിട്ടത്. നിയമലംഘനം നടന്ന കാലയളവില്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവര്‍ എന്ന നിലയ്ക്കാണ് ഇവര്‍ക്ക് പിഴയിട്ടത്.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ബി.ബി.സിയുടെ വിവിധ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 2023 ഫെബ്രുവരിയില്‍ ബി.ബി.സി ഇന്ത്യയുടെ ഡല്‍ഹി. മുംബയ് ഓഫീസുകളിലായിരുന്നു പരിശോധന. ഈ റെയ്ഡില്‍ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയും കേസെടുത്തത്.
https://www.facebook.com/Malayalivartha