ഇത്രയും പകയോ... ഒരേ കുടുംബത്തിലെ സ്ത്രീകള്‍ വീട്ടില്‍ മരിച്ചനിലയില്‍, ഭര്‍ത്താക്കന്മാര്‍ക്ക് വാഹനാപകടം; ഞെട്ടിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും മരണപ്പെടുകയും അതേകുടുംബത്തിലെ രണ്ട് പുരുഷന്മാരും ഒരാണ്‍കുട്ടിയും കാറപകടത്തില്‍ പെടുകയും ചെയ്ത കേസില്‍ പുതിയ വഴിത്തിരിവ്. പശ്ചിമബംഗാളിലാണ് സംഭവം. കാറപകടത്തില്‍ പെട്ടവര്‍ പോലീസിനോട് പറഞ്ഞതുപോലെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുകയായിരുന്നില്ല എന്ന് തെളിയിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
സ്ത്രീകളും പെണ്‍കുട്ടിയും കൊലപാതകം ചെയ്യപ്പെട്ടതാണ് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ മെട്രോപോളിറ്റന്‍ ബൈപ്പാസിലെ (ഇ.എം. ബൈപ്പാസ്) അഭിഷിക്ത ക്രോസിങില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് കാര്‍ അപകടത്തില്‍ പെട്ടത്. മെട്രോ റെയില്‍ തൂണിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാര്‍. സഹോദരങ്ങളായ പ്രണയ് ദേ (48), പ്രസൂണ്‍ കുമാര്‍ ദേ (45), പ്രണയ് ദേയുടെ മകന്‍ പ്രദീപ് ദേ (14) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.
ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് തങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും വീട്ടില്‍ ഭാര്യമാരും മകളും ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞത്. പിന്നാലെ പോലീസിന്റെ ഒരു സംഘം കിഴക്കന്‍ കൊല്‍ക്കത്തയിലെ ടാംഗ്രയിലുള്ള ഇവരുടെ വീട്ടിലെത്തി. പരിശോധനയില്‍ രണ്ട് സ്ത്രീകളെയും ഒരു പെണ്‍കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തി.
പ്രണയ് ദേയുടെ ഭാര്യ സുധേഷ്ണ ദേ (39), പ്രസൂണിന്റെ ഭാര്യ റോമി ദേ (44), പ്രസൂണിന്റെ മകള്‍ പ്രിയംവദ ദേ (14) എന്നിവരാണ് മരിച്ചത്. നാലുനില വീട്ടിലെ മൂന്ന് മൂറികളിലായി കണ്ടെത്തിയ മൂവരുടേയും കൈത്തണ്ട മുറിഞ്ഞ നിലയിലായിരുന്നു. എന്നാല്‍ ഈ മുറിവുകള്‍ ശരിക്കും ഈ സ്ത്രീകള്‍ തന്നെ മുറിച്ചതാണോ എന്ന സംശയം തോന്നിയ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം ഇവരുടെ വീട്ടിലെത്തിയ സന്ദര്‍ശകര്‍ കോളിങ് ബെല്ലടിച്ചെങ്കിലും ആരും വാതില്‍ തുറക്കാത്തതിനാല്‍ മടങ്ങിപ്പോയിരുന്നു. കാറുകളൊന്നും വീടുവിട്ട് പോകാതിരുന്നതും രാത്രി ഏറെവൈകിയിട്ടും ദേ കുടുംബത്തിന്റെ വീട്ടില്‍ ലൈറ്റുകള്‍ ഒന്നും തെളിയിച്ചിരുന്നില്ല എന്നതും അയല്‍വാസികളും ശ്രദ്ധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ബുധനാഴ്ച വെളുപ്പിനെ ഒരുമണിയോട് അടുപ്പിച്ച് വീട്ടില്‍ നിന്നും ഒരു കാര്‍ പുറത്തേക്ക് പോയതായി പോലീസ് മനസിലാക്കി. പിന്നാലെ, പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ പെട്ട കാറിന് അപകടത്തിലേക്ക് നയിക്കാന്‍ തക്കതായ പ്രശ്നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന് വിദഗ്ധര്‍ കണ്ടെത്തി. മാത്രമല്ല, വാഹനം ബ്രേക്ക് ചെയ്തതിന്റെ കനത്ത പാടുകളും റോഡില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടൊക്കെ തന്നെ കാറിലുണ്ടായിരുന്നവര്‍ വാഹനം തൂണിലേക്ക് മനപ്പൂര്‍വം ഇടിച്ചുകയറ്റിയതാണെന്നും ആത്മഹത്യക്ക് തന്നെയാവാം അവര്‍ ശ്രമിച്ചത് എന്നുമുള്ള നിഗമനത്തിലാണ് പോലീസ് എത്തിയത്. എന്നാല്‍ വീട്ടില്‍ ആത്മഹത്യ ചെയ്തതായി ഇവര്‍ പറഞ്ഞ സ്ത്രീകളുടെ മരണത്തില്‍ പോലീസ് സംശയം നിലനിന്നു. അന്വേഷണത്തില്‍ ദേ കുടുംബം കനത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു എന്ന് പോലീസിന് മനസിലായി.
പ്രണയ്-പ്രസൂണ്‍ സഹോദരങ്ങള്‍ തുകല്‍ വ്യവസായത്തിലാണ് ഏര്‍പ്പെട്ടിരുന്നത്. നന്നായി പോയിരുന്ന വ്യവസായം കോവിഡ് കാലത്തോടെ നഷ്ടത്തിലായി. പിന്നാലെ കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലേക്കാണ് കുടുംബം എത്തിപ്പെട്ടത്. ഈ വര്‍ഷം ജനുവരി മുതല്‍ ഇവര്‍ നല്‍കിയിരുന്ന പല ചെക്കുകളും ബൗണ്‍സായിരുന്നതായും പോലീസ് കണ്ടെത്തി. മാത്രമല്ല, പണം പലിശയ്ക്ക് കൊടുത്തിരുന്നവരുടെ ഗുണ്ടകള്‍ നിരന്തരം ഇവരുടെ വീട്ടില്‍ കയറിയിറങ്ങുകയും ഭീഷണിമുഴക്കുകയും ചെയ്തിരുന്നതായും പോലീസിന് വിവരം ലഭിച്ചു. ഇതെല്ലാം കുടുംബത്തെ മുഴുവന്‍ ആത്മഹത്യയിലേക്ക് നയിച്ചിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്.
അതേസമയം, പ്രസൂണിന്റെ ഭാര്യ റോമി ദേയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ട് എന്ന് കാണിച്ച് അവരുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. 14-കാരിയായ പ്രിയംവദ കൈത്തണ്ടയില്‍ മുറിവുണ്ടാക്കി ആത്മഹത്യ ചെയ്തു എന്നതും പോലീസിന് വിശ്വസനീയമായി തോന്നിയില്ല. പിന്നാലെയാണ്, പോലീസിന്റെ സംശയങ്ങളെ ബലപ്പെടുത്തിക്കൊണ്ട്, മരിച്ച സുധേഷ്ണയുടെയും റോമിയുടെയും പ്രിയംവദയുടെയും പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ബുധനാഴ്ചയോടെ പുറത്തുവന്നത്. എന്‍.ആര്‍.എസ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ സുധേഷ്ണയുടെയും റോമിയുടെയും കൈത്തണ്ടയില്‍ മാത്രമായിരുന്നില്ല, കഴുത്തിലും മുറിവ് ഉണ്ടായിരുന്നതായി കണ്ടെത്തി. രക്തം വാര്‍ന്നാണ് ഇരുവരും മരിച്ചത് എന്നാണ് റിപ്പോര്‍ട്ടിലെ വിവരം.
പ്രിയംവദയുടെ ചുണ്ടിലും മൂക്കിനടുത്തും മുറിവുകളും ചതവുമുണ്ടായിരുന്നു. മാത്രമല്ല, കുട്ടിയുടെ വായില്‍നിന്നും നുരയും വന്നിരുന്നു. കുട്ടിക്ക് വിഷം നല്‍കിയിരുന്നു എന്നതിന് തെളിവാണിതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മറ്റ് രണ്ട് സ്ത്രീകളുടെയും ശരീരത്തില്‍ നിന്നും വിഷാംശങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ കഴുത്തിലെ മുറിവുകള്‍ ആഴമേറിയതായിരുന്നു. ഇതൊരു കൊലപാതകം ഉള്‍പ്പെട്ട ആത്മഹത്യാ കേസ് ആയിരിക്കാം എന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിയിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം കുടുംബത്തിലെ മൂന്ന് സ്ത്രീകളേയും കൊലപ്പെടുത്തി പുരുഷന്മാര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രണയ്, പ്രസൂണ്‍ എന്നിവരെ ചോദ്യം ചെയ്താല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട സത്യം അറിയാന്‍ സാധിക്കുകയുള്ളൂ. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പ്രണയ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രസൂണും സഹോദരന്‍ പ്രണയ്യുടെ മകന്‍ പതിനാലുകാരന്‍ പ്രദീപും ഐ.സി.യു.വില്‍ തുടരുകയാണ്. പ്രസൂണിനും പ്രദീപിനും ബോധം വന്ന് സംസാരിക്കാനാകുന്ന പക്ഷം അവരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം-ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ രൂപേഷ് കുമാര്‍ പറഞ്ഞു.
നിലവില്‍ അപകടനില തരണം ചെയ്തിട്ടുള്ള പ്രണയ്യോട് സംസാരിച്ചപ്പോള്‍; എല്ലാവരും മധുരത്തില്‍ വിഷം കലര്‍ത്തി കഴിച്ച് ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്. വീട്ടിലുള്ളവര്‍ അങ്ങനെയാണ് മരിച്ചത്. അവരുടെ മരണം കാണാന്‍ മനസില്ലാതെ താനും സഹോദരനും മകനെയും കൂട്ടി കാറെടുത്ത് പുറത്ത് പോയി. കാര്‍ എവിടെയെങ്കിലും ഇടിച്ചുകയറ്റി മരിക്കാനായിരുന്നു വിചാരിച്ചിരുന്നത്, എന്നാണിയാള്‍ പറഞ്ഞതെന്ന് കമ്മീഷണര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha