ഹൈദരാബാദില്‍ അപ്പാര്‍ട്മെന്റിലെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദിലെ ശാന്തിനഗര്‍ മേഖലയിലുള്ള മസാബ് ടാങ്കിലാണ് സംഭവം. അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ ആറ് വയസുകാരന് ദാരുണാന്ത്യം. ചികിത്സയില്‍ കഴിയുകയായിരുന്ന കുട്ടി ശനിയാഴ്ച രാവിലെയാണ് മരിച്ചതെന്ന് നിലോഫര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടി ലിഫ്റ്റില്‍ കുടുങ്ങിയത്.
ഒന്നാം നിലയ്ക്കും രണ്ടാം നിലയ്ക്കുമിടയില്‍ ഭിത്തിക്കും ലിഫ്റ്റിനുമിടയില്‍ കുടുങ്ങിയാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്നവര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അഗ്നിശമന സേനയും ഡിആര്‍എഫ് സംഘവും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തു. തങ്ങള്‍ വരുമ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ ലിഫ്റ്റിന് സമീപമുണ്ടായിരുന്നു. ഉടന്‍ തന്നെ സ്ഥലത്ത് പൊലീസും ഡിആര്‍എഫും ആംബുലന്‍സും എത്തിയെന്നും അഗ്നി ശമന സേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വയറിലും പുറത്തും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ നിലോഫര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവത്തില്‍ ഒരു വ്യക്തി വാറങ്കലിലെ ഒരു ഹോട്ടല്‍ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ അന്ന് സാധിച്ചിരുന്നു.
https://www.facebook.com/Malayalivartha