പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്ന് ഡല്‍ഹി സര്‍വകലാശാല

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്ന് ഡല്‍ഹി സര്‍വകലാശാല. എന്നാല്‍, അപരിചിതരെ കാണിക്കാന്‍ കഴിയില്ലെന്ന് ഇന്നലെ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സര്‍വകലാശാലയുടെ മുന്‍ വിദ്യാര്‍ത്ഥി ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്.
അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്നാണ് ആക്ടിവിസ്റ്റ് നീരജ് ശര്‍മ്മ ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല. 1978ലെ ബി.എ സര്‍ട്ടിഫിക്കറ്റ് കോടതിയെ കാണിക്കാം. പക്ഷെ രാഷ്ട്രീയലക്ഷ്യത്തോടെ വരുന്ന അപരിചിതര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
1978ല്‍ മോദി പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന സര്‍വകലാശാലയോട് ആക്ടിവിസ്റ്റ് ആവശ്യപ്പെട്ടത്. കേന്ദ്ര വിവരാവകാശ കമ്മിഷനും വിവരങ്ങള്‍ കൈമാറാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 2017ലെ ഈ നടപടിക്കെതിരെ ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദമുഖങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ജസ്റ്റിസ് സച്ചിന്‍ ദത്ത ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റി.
https://www.facebook.com/Malayalivartha