ബസ്സില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവം; പ്രതി കരിമ്പിന്‍തോട്ടത്തിലുണ്ടെന്ന് സംശയം; പ്രതിയെ കണ്ടെത്താന്‍ ഡ്രോണുകളും നായകളേയും ഉപയോഗിച്ച് തിരച്ചില്‍ വ്യാപിപ്പിച്ച് പോലീസ്

പുണെയില്‍ ബസ്സില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ ഡ്രോണുകളും നായകളേയും ഉപയോഗിച്ച് തിരച്ചില്‍ വ്യാപിപ്പിച്ച് പോലീസ്. ഗുനാട്ട് സ്വദേശിയായ പ്രതി ദത്താത്രേയ് രാംദാസ് ഗഡെയ്ക്കായി 13 സംഘങ്ങളായാണ് തിരച്ചില്‍. ഗുനാട്ട് ഗ്രാമത്തിലെ കരിമ്പ് തോട്ടങ്ങള്‍ക്കുള്ളില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നൂറിലികം പോലീസുകാരാണ് ഗുനാട്ട് ഗ്രാമത്തിലെത്തിയത്.
പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗഡെ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നാണ് വിവരം. അതേസമയം, സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിയെ പിടികൂടാത്തതില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ ജനരോക്ഷം ശക്തമാണ്.
പോലീസ് സ്റ്റേഷനില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള പൂണെയിലെ സ്വര്‍ഗേറ്റ് ബസ് സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു യുവതിക്കെതിരേ അതിക്രമം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ബസ് സര്‍വീസ് നടത്തുന്നതാണെന്ന് തെറ്റിധരിപ്പിച്ച് വാഹനത്തിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സ്വന്തം ഗ്രാമമായ സത്താറ ജില്ലയിലെ ഫാല്‍ടണിലേക്ക് പോകുന്നതിനായാണ് 26കാരിയായ യുവതി ബസ് സ്റ്റാന്‍ഡിലെത്തിയത്.
പ്രതി യുവതിയോട് എവിടേയ്ക്കാണ് പോകുന്നതെന്ന് ആരായുകയും ലക്ഷ്യ സ്ഥാനത്തേക്കാണ് ബസെന്ന് കള്ളം പറയുകയും ചെയ്തു. വാഹനത്തില്‍ വെളിച്ചമില്ലാത്തത് യുവതി ചോദ്യം ചെയ്‌തെങ്കിലും യാത്രക്കാര്‍ ഉറങ്ങുന്നതിനാല്‍ ലൈറ്റുകള്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന് വിശ്വസിപ്പിച്ചു. യുവതി ബസിനുള്ളില്‍ കയറിയതും യുവാവ് ഡോര്‍ അടച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
യുവതി അടുത്ത ബസില്‍ കയറി യാത്രയ്ക്കിടയില്‍ സുഹൃത്തിനോട് പീഡനവിവരം വെളിപ്പെടുത്തി. സുഹൃത്തിന്റെ നിര്‍ദേശപ്രകാരം യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഏറ്റവും വലിയ ബസ് സ്റ്റാന്‍ഡിലാണ് കുറ്റകൃത്യം നടന്നത്.
https://www.facebook.com/Malayalivartha