ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ച് യുവാവ് ജീവനൊടുക്കി

ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ചശേഷം ടെക്കി യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. മുംബൈയില്‍ ടിസിഎസില്‍ മാനേജരായി ജോലി ചെയ്തിരുന്ന 25 വയസ്സുള്ള മാനവ് ശര്‍മ്മയാണ് തൂങ്ങിമരിച്ചത്. ജീവനൊടുക്കാനായി കഴുത്തില്‍ കുരുക്കിട്ടശേഷമാണ് മാനവ് വീഡിയോ ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കരഞ്ഞുകൊണ്ടാണ് മാനവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
വീഡിയോയില്‍, മാനവ് തന്റെ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുണ്ട്. കൂടാതെ ''ദയവായി, ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം. അവര്‍ വളരെ ഏകാന്തത അനുഭവിക്കുന്നു''എന്നും പറയുന്നുണ്ട്. തന്റെ മരണശേഷം തന്റെ മാതാപിതാക്കളെ തൊട്ടുപോകരുതെന്ന് ഭാര്യയോടായി മാനവ് പറയുന്നു. കൂടാതെ താന്‍ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു.
സംഭവത്തിന് പിന്നാലെ മാനവ് ശര്‍മ്മയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ മാനവിന്റെ ഭാര്യ നിഷേധിച്ചു. മാനവ് മദ്യാസക്തികൊണ്ട് ബുദ്ധിമുട്ടുന്നയാളായിരുന്നുവെന്നും നേരത്തെയും പലതവണ സ്വയം ഉപദ്രവിച്ചിട്ടുണ്ടെന്നും ഭാര്യ നികിത പറഞ്ഞു. 'അദ്ദേഹം അമിതമായി മദ്യപിക്കുമായിരുന്നു.
പലതവണ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്. മൂന്നുതവണ ഞാനാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. മദ്യപിച്ചാല്‍ അദ്ദേഹം എന്നെ ഉപദ്രവിക്കുമായിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ മാതാപിതാക്കളോട് പലതവണ ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറഞ്ഞതെല്ലാം അവര്‍ അവഗണിക്കുകയായിരുന്നു. ആളുകള്‍ എന്റെ ഭാഗം കേള്‍ക്കണം', നികിത പറഞ്ഞു.
https://www.facebook.com/Malayalivartha