തെലങ്കാന മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു: മാദ്ധ്യമപ്രവര്‍ത്തകയായ യുട്യൂബ് ചാനല്‍ ഉടമയും സഹപ്രവര്‍ത്തകയും അറസ്റ്റില്‍

തെലങ്കാനയില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പങ്കുവച്ച വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. യുട്യൂബ് ചാനല്‍ ഉടമയും മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകയുമായ രേവതി പൊഗഡാഡന്ദയും സഹപ്രവര്‍ത്തക തന്‍വി യാദവുമാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ഇരുവരെയും വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രേവതിയുടെ ഉടമസ്ഥതയിലുള്ള പള്‍സ് ടി വി എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചത്.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തങ്ങള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് ഒരു കര്‍ഷകന്‍ പറയുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ പങ്കുവച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് വീഡിയോ എന്നാണ് പരാതിയിലുള്ളത്.
വീടുവളഞ്ഞാണ് രേവതിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. രേവതിയുടെ ഭര്‍ത്താവ് ചൈതന്യയും അറസ്റ്റിലായി. ഇവരുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു. പള്‍സ് ടി വി ചാനലിന്റെ ഓഫീസ് പൂട്ടി സീല്‍ ചെയ്തു.
അതിരാവിലെ വീട്ടില്‍ റെയ്ഡ് നടത്തുകയും മാദ്ധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയെ ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു വിമര്‍ശിച്ചു. തെലങ്കാന പൊലീസിന്റെ നടപടി അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha