ഡോക്ടറും കുടുംബവും വീടിനുള്ളില്‍ മരിച്ച നിലയില്‍; കടബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

ചെന്നൈ അണ്ണാനഗറില്‍ ഡോക്ടറും കുടുംബവും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. ഡോ. ബാലമുരുകന്‍, ഭാര്യ അഡ്വ. സുമതി, മക്കളായ ദശ്വന്ത് (17), ലിംഗേഷ് (15) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ നാലുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡോക്ടര്‍ ബാലമുരുകന്‍ സ്‌കാനിംഗ് സെന്റര്‍ നടത്തിയിരുന്നുവെന്നാണ് വിവരം. സ്‌കാനിംഗ് സെന്റര്‍ നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ ഭീമമായ നഷ്ടമാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സുമതി ചെന്നൈയിലെ കോടതിയില്‍ അഭിഭാഷകയായിരുന്നു. ദശ്വന്ത് പ്ലസ് ടുവിലും ലിംഗേഷ് പത്താം ക്ലാസിലും പഠിക്കുകയായിരുന്നു.
ഇന്ന് രാവിലെ പതിവുപോലെ ഇവരുടെ ഡ്രൈവര്‍ വീട്ടിലെത്തിയിരുന്നു. വിളിച്ചിട്ടും ആരെയും കാണാതായതോടെ ഇയാള്‍ അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാരെത്തി ജനല്‍വഴി പരിശോധിച്ചപ്പോഴാണ് ഒരു മുറിയില്‍ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു മുറിയില്‍ മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍തന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവികത തോന്നുന്നില്ലെന്നും കുടുംബം ആത്മഹത്യ ചെയ്തത് തന്നെയാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha