മംഗളൂരുവില്‍ 73 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി 2 ദക്ഷിണാഫ്രിക്കന്‍ യുവതികള്‍ അറസ്റ്റില്‍

മംഗളൂരുവില്‍ നിന്ന് 73 കോടി രൂപ വിലമതിക്കുന്ന 38.87 കിലോ എംഡിഎംഎയുമായി 2 ദക്ഷിണാഫ്രിക്കന്‍ യുവതികള്‍ അറസ്റ്റില്‍. രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ ബാംബ ഫന്റ (31), അബിഗയില്‍ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. ഇവര്‍ ഇന്ത്യയില്‍ ലഹരി വിതരണം ചെയ്യുന്ന കണ്ണികളിലെ പ്രധാനികളാണെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയില്‍ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ ലഹരി വേട്ടയാണിത്.
സംസ്ഥാനത്തികത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലേക്കു ലഹരിമരുന്ന് വിതരണം ചെയ്തിരുന്നവരെയാണ് മംഗളൂരു സിസിബി പൊലീസ് അറസ്റ്റ് ചെയ്തത്. 2024ല്‍ പമ്പ്വെല്ലിനു സമീപമുള്ള ലോഡ്ജില്‍വച്ചു ലഹരിമരുന്ന് വില്‍പന നടത്തിയ ഹൈദര്‍ അലി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് അന്വേഷണത്തിലൂടെയാണ് അലിക്കു ലഹരിമരുന്നു നല്‍കിയിരുന്ന നൈജീരിയന്‍ പൗരനായ പീറ്റര്‍ ഇകെഡി ബെലോണ്‍വോയെ ബെംഗളൂരുവില്‍നിന്നു പിടികൂടിയത്. അന്നത്തെ ഓപറേഷനില്‍ 6.248 കിലോഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
പിന്നീട് നടന്ന ആറു മാസം നീണ്ട അന്വേഷണത്തിലൂടെയാണു മറ്റൊരു വന്‍ ലഹരി വേട്ടയിലേക്ക് പൊലീസ് എത്തിയത്. ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്കും മറ്റു നഗരങ്ങളിലേക്കും വിമാനമാര്‍ഗം എംഡിഎംഎ എത്തിക്കുന്നവരാണു പിടിയിലായ വനിതകള്‍. ബെംഗളൂരു നഗരത്തിലേക്കു രണ്ടു വിദേശവനിതകള്‍ ലഹരിയുമായി എത്തുന്നുവെന്ന രഹസ്യവിവരം മാര്‍ച്ച് 14നാണ് മംഗളൂരു പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് ഇലക്ടോണിക് സിറ്റിക്കു സമീപമുള്ള നീലാദ്രി നഗറില്‍ വച്ച് ഇവരെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha