പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ യൂട്യൂബര്‍ക്കെതിരെ കേസ്

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റി തടസ്സം സൃഷ്ടിച്ച യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിനെതിരെയാണ് മണ്ണുത്തി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി ബൈപാസ് ജംഗ്ഷന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചതില്‍ പ്രകോപിതനായാണ് അനീഷ് കാര്‍ വട്ടംവച്ച് തടഞ്ഞത്.
പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ നടന്ന ഇഫ്താറില്‍ പങ്കെടുത്ത ശേഷം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്ക ഗാന്ധി. യാത്രക്കിടെ വഴിയൊരുക്കാനായി പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചു. ഇതോടെ പ്രകോപിതനായി യൂട്യൂബര്‍കൂടിയായ അനീഷ് തന്റെ കാര്‍ വാഹനവ്യൂഹത്തിന് മുന്നില്‍ വട്ടം വയ്ക്കുകയായിരുന്നു. ഉടനെ തന്നെ പൊലീസ് സംഘം പുറത്തിറങ്ങി ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുത്തു.
വാഹനം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അനീഷ് പൊലീസിനോടും തട്ടിക്കയറി. താന്‍ ലക്ഷങ്ങള്‍ ഫോളോവേഴ്‌സുള്ള യൂട്യൂബര്‍ ആണെന്നും തടയാന്‍ ശ്രമിക്കരുതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പിന്നാലെ പൊലീസ് ബലമായി ഇയാളുടെ വാഹനം കസ്റ്റഡിയിലെടുത്തശേഷം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതീവ സുരക്ഷയുള്ള വ്യക്തിയുടെ വാഹനവ്യൂഹത്തിന് നേരെ മനഃപുര്‍വം ജീവന് അപകടം വരുത്തുന്നവിധം കാര്‍ ഓടിച്ചുകയറ്റിയതിനാണ് അനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha