പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിധി തിവാരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി ഈ തീരുമാനം അംഗീകരിച്ചു. തൊട്ടു പിന്നാലെ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് നിയമനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. പുതിയ ചുമതലയില്‍ ഇവര്‍ക്ക് ലെവല്‍ 12 അടിസ്ഥാനമാക്കിയുള്ള വേതനമാണ് ലഭിക്കുക. ഐ എഫ് എസ്സിന്റെ ഭാഗമാകുന്നതിനു മുന്‍പ് വാരണാസിയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.
2022 ലാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ അണ്ടര്‍ സെക്രട്ടറിയായി അവര്‍ ചുമതലയേറ്റത്. അധികം വൈകാതെ 2023 ജനുവരി 6 ന് ഈ യുവ ഐ എഫ് എസ് ഓഫീസറെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലേക്ക് ഉയര്‍ത്തി. ഇതിനു മുന്‍പ് വിദേശകാര്യ മന്ത്രാലയത്തില്‍ അന്തര്‍ദേശീയ സുരക്ഷാകാര്യ വിഭാഗത്തില്‍ ആയിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. അന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന് നേരിട്ടാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ദിലിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ് നിധി തിവാരി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരണാസിക്ക് അടുത്ത് മഹമൂര്‍ഗഞ്ച് ആണ് നിധി തിവാരിയുടെ നാട്. 2013ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 93 ആം റാങ്ക് നേടി ജയിച്ച ഇവര്‍, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ആണ് തിരഞ്ഞെടുത്തത്. 2014 ലാണ് പരിശീലനം പൂര്‍ത്തിയാക്കി ഇവര്‍ സര്‍വീസില്‍ കയറിയത്.
https://www.facebook.com/Malayalivartha