സൗഹൃദം തകര്‍ക്കുന്ന സംസാരം ഒഴിവാക്കണമെന്ന് മുഹമ്മദ് യൂനുസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബംഗ്ലദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനോട് സൗഹൃദാന്തരീക്ഷത്തെ ദുഷിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിംസ്റ്റെക് ഉച്ചകോടിക്കിടെ യൂനുസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ചൈനീസ് നിക്ഷേപം ഉറപ്പിക്കാനായി ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് യൂനുസ് നടത്തിയ പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ബംഗ്ലദേശിലെ ഹിന്ദുക്കളുടെ സുരക്ഷയിലുള്ള ആശങ്കയും പ്രധാനമന്ത്രി യൂനുസിനെ അറിയിച്ചു.
'ജനാധിപത്യപരവും സമാധാനപരവും പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ജനങ്ങളില്‍ ഗുണകരമായ ബന്ധത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം രണ്ടിടത്തെയും ജനതയ്ക്ക് വളരെയധികം ഗുണങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികതയിലൂന്നിയ ശുഭകരവും ക്രിയാത്മകവുമായ ബന്ധമാണ് ബംഗ്ലദേശുമായി ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സൗഹൃദാന്തരീക്ഷത്തെ വഷളാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതുണ്ട്. നുഴഞ്ഞുകയറ്റം തടയുന്നതിന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു'-വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
നേരത്തെ ചൈനീസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് മുഹമ്മദ് യൂനുസ് നടത്തിയ പരാമര്‍ശം ഇന്ത്യയില്‍ വലിയ വിവാദമായിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖല കരയാല്‍ മാത്രം ചുറ്റപ്പെട്ടതാണെന്നും കടല്‍ബന്ധമില്ല എന്നുമായിരുന്നു യൂനുസിന്റെ പരാമര്‍ശം. ബംഗ്ലദേശിനു മാത്രമാണ് സമുദ്രത്തിലേക്ക് നേരിട്ട് ബന്ധമുള്ളത്.
വികസനം വിപുലീകരിക്കാന്‍ ചൈനയ്ക്ക് ബംഗ്ലദേശിനെ ഉപയോഗിക്കാമെന്നും ബെയ്ജിങ്ങില്‍ യൂനുസ് പറഞ്ഞു. ബംഗ്ലദേശില്‍ ചൈനീസ് നിക്ഷേപം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വാക്കുകള്‍. ബംഗ്ലദേശില്‍നിന്ന് എവിടേക്കും പോകാനാകുമെന്നും തങ്ങളുടെ പിന്നാമ്പുറത്തുള്ളത് സമുദ്രമാണുള്ളതെന്നും യൂനുസ് പറഞ്ഞിരുന്നു. ഈ മേഖലയിലെ സമുദ്രത്തിന്റെ ഏക രക്ഷിതാവ് തങ്ങളായതിനാല്‍ ചൈനയ്ക്ക് ഈ അവസരം ഉപയോഗിക്കാമെന്നും ബംഗ്ലദേശില്‍ നിര്‍മാണങ്ങളും ഉല്‍പാദനവും വിപണനവും നടത്താമെന്നും യൂനുസ് പറഞ്ഞു.
https://www.facebook.com/Malayalivartha