രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ രാത്രി ഒപ്പ് വെച്ചതോടെ വഖഫ് ഭേദഗതി ബില്‍ നിയമമായി...വഖഫ് ബില്‍ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുന്നു

ഇന്നലെ രാത്രി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പ് വെച്ചതോടെ വഖഫ് ഭേദഗതി ബില്‍ നിയമമായി. വഖഫ് ബില്‍ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. പ്രതിഷേധം രാജ്യവ്യാപകമാക്കാനായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചു.
മലപ്പുറം, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്ന, റാഞ്ചി, മലേര്‍കോട്ല, ലഖ്നൗ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്താനാണ് തീരുമാനം. ജെഎന്‍യു സര്‍വകലാശാലയില്‍ ഇന്ന് പ്രതിഷേധം നടക്കും. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കും.
ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. ബില്ലിനെതിരെ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും വഖഫ് ബില്‍ പാസാക്കിയതോടെയാണ് ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നല്‍കിയത്.
ബില്ലില്‍ അടുത്ത ആഴ്ചയോടെ രാഷ്ട്രപതി ഒപ്പുവെക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയിരുന്ന സൂചന. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബില്‍ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനുപിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കുന്നതാണ്.
https://www.facebook.com/Malayalivartha