രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും...

തീര്‍ത്ഥാടനകേന്ദ്രമായ രാമേശ്വരം ദ്വീപിനെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കുന്നതാണ്. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമാണിത്. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം. ഉച്ചയ്ക്ക് 12.45ന് തമിഴ്നാട് ടൂറിസം ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക.
പാമ്പന്‍പാലത്തെ പ്രധാനമന്ത്രി റിമോട്ടുപയോഗിച്ച് ലംബമായി ഉയര്‍ത്തി ഉദ്ഘാടനം ചെയ്യുന്നതാണ്. രാമനവമി ദിവസമായ ഇന്ന് രാമനാഥസ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണ് മോദി ഉദ്ഘാടനം ചെയ്യുക. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിന്‍ സര്‍വീസിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മവും നിര്‍വഹിക്കുകയും ചെയ്യും.
1914ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ പാമ്പന്‍ പാലം 2022 ഡിസംബറില്‍ ഡീകമീഷന്‍ ചെയ്തതോടെയാണ് 535 കോടി രൂപ ചെലവില്‍ കൂടുതല്‍ സുരക്ഷിതമായ പുതിയ പാലം നിര്‍മിച്ചത്.പഴക്കവും സുരക്ഷാ പ്രശ്നങ്ങളും മുന്‍നിര്‍ത്തിയാണ് ഡീകമീഷന്‍ ചെയ്തത്.
ലിഫ്റ്റ് സ്പാന്‍ രണ്ടായി വേര്‍പ്പെടുത്തി ഇരുവശത്തേക്കും ഉയര്‍ത്തുന്ന സംവിധാനമായിരുന്നു പഴയ പാലത്തിന്റേത്. എന്നാല്‍ വലിയ കപ്പലുകള്‍ക്ക് അടക്കം സുഗമമായി പോകാന്‍ കഴിയുന്ന തരത്തില്‍ അഞ്ചുമിനുട്ട് കൊണ്ട് ലിഫ്റ്റ് സ്പാന്‍ 17 മീറ്ററോളം നേരെ ഉയര്‍ത്താവുന്ന സംവിധാനമാണ് പുതിയ പാലത്തിലുള്ളത്. ഈ പാലം കുത്തനെ ഉയര്‍ത്താനും താഴ്ത്താനും ഇലക്ട്രോ മെക്കാനിക്കല്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റാണ് ഉപയോഗിക്കുന്നത്. പാലം ഉയര്‍ത്താന്‍ 3 മിനിറ്റും താഴ്ത്താന്‍ 2 മിനിറ്റുമാണ് ആവശ്യമായി വരുന്നത്.
"
https://www.facebook.com/Malayalivartha