ശോഭയാത്രകള്‍ അടക്കം വിപുലമായ പരിപാടികളോടെ ഇന്ന് ഉത്തരേന്ത്യയില്‍ രാമ നവമി ആഘോഷം

ഇന്ന് രാമ നവമി ആഘോഷം. ഉത്തരേന്ത്യയില്‍ ശോഭയാത്രകള്‍ അടക്കം വിപുലമായ പരിപാടികളാണ് ആഘോഷത്തോട് അനുബന്ധിച്ച് നടക്കുക. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകളില്‍ പ്രതിഷ്ഠയുടെ നെറ്റിയില്‍ സൂര്യ രശ്മി പതിക്കുന്ന സൂര്യ അഭിഷേക് അഥവാ സൂര്യ തിലക് ചടങ്ങും ഇന്ന് നടക്കും.
ശ്രീരാമന്റെ പിറവിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകളില്‍ പ്രധാനപ്പെട്ടതാണ് സൂര്യ തിലക്. ഹൈ ക്വാളിറ്റി കണ്ണാടികളുടേയും ലെന്‍സുകളുടേയും സഹായത്തോടെയാണ് സൂര്യ രശ്മികള്‍ പ്രതിഷ്ഠയുടെ നെറ്റിയില്‍ പതിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ ചടങ്ങിന് ദൃക്‌സാക്ഷിയാവാനായി ലക്ഷക്കണക്കിന് വിശ്വാസികളാണ് രാമക്ഷേത്രത്തിലേക്ക് എത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാവും ചടങ്ങ്. രാവിലെ 9.30 തന്നെ സൂര്യതിലക് അനുബന്ധിയായ ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടക്കും.
ശാസ്ത്രീയ, എഞ്ചിനീയറിംഗ് നേട്ടമായാണ് സൂര്യ തിലക് സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. ഒപ്റ്റോമെക്കാനിക്കല്‍ സിസ്റ്റത്തിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചാണ് സൂര്യകിരണം പ്രതിഷ്ഠയുടെ നെറ്റിയില്‍ പതിപ്പിക്കുക. നാല് കണ്ണാടികളും നാല് ലെന്‍സുകളും ടില്‍റ്റ് മെക്കാനിസത്തിലും പൈപ്പിംഗ് സിസ്റ്റത്തിലും അടിസ്ഥാനമാക്കിയാണ് ചടങ്ങ് പൂര്‍ത്തിയാവുക.
അതേസമയം രാമനവമി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഉത്തരേന്ത്യ. അക്രമ സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം മുന്‍നിര്‍ത്തി വിവിധ സംസ്ഥാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
"
https://www.facebook.com/Malayalivartha