ചൈന ചുമത്തിയ 34 ശതമാനം തീരുവ ഉടന്‍ പിന്‍വലിക്കണമെന്ന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

യു.എസ് ഇറക്കുമതികള്‍ക്ക് മേല്‍ ചൈന ചുമത്തിയ 34 ശതമാനം തീരുവ ഉടന്‍ പിന്‍വലിക്കണമെന്ന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇല്ലെങ്കില്‍ നാളെ മുതല്‍ 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഇറക്കുമതിക്ക് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. യു.എസിനുള്ള തിരിച്ചടി തീരുവ വ്യാഴാഴ്ച നിലവില്‍ വരുമെന്നാണ് ചൈന അറിയിച്ചിട്ടുള്ളത്. ഏപ്രില്‍ 2ന് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്ക പട്ടികയില്‍ 34 ശതമാനമാണ് ചൈനയ്ക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ മുമ്പ് ഏര്‍പ്പെടുത്തിയവ അടക്കം ചൈനീസ് ഇറക്കുമതിക്ക് മേലുള്ള ആകെ തീരുവ 54 ശതമാനമായി ഉയര്‍ന്നു. പിന്നാലെയാണ് ചൈന യു.എസിന് തിരിച്ചടി തീരുവ പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതലാണ് പകരച്ചുങ്കം പ്രാബല്യത്തില്‍ വരിക.
യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗോള സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ഇടിവ് നേരിടുന്നതിനിടെയാണ് ട്രംപ് ന്യായീകരിച്ച് രംഗത്തെത്തിയത്. ചില കാര്യങ്ങള്‍ ശരിയാകണമെങ്കില്‍ ചിലപ്പോള്‍ മരുന്ന് കഴിക്കേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. തൊഴിലവസരങ്ങളും നിക്ഷേപവും യു.എസില്‍ തിരിച്ചെത്തുമെന്നും മുമ്പെങ്ങും ഇല്ലാത്തവിധം രാജ്യം സമ്പന്നമാകുമെന്നും കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ നയങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍, ബോസ്റ്റണ്‍, ഷിക്കാഗോ, ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക് നഗരങ്ങളില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.
https://www.facebook.com/Malayalivartha