Widgets Magazine
18
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്യങ്ങള്‍ മാറുന്നു... തഹാവൂര്‍ റാണ എന്തിനു കൊച്ചിയിലെത്തി ? സഹായം ലഭിച്ചോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍, തഹാവൂര്‍ റാണ ഇന്ത്യയിലെത്തിയത് ആഡംബര വിമാനത്തില്‍

11 APRIL 2025 09:03 AM IST
മലയാളി വാര്‍ത്ത

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ തഹാവൂര്‍ റാണയെ മലയാളികളും പേടിക്കണം. എന്തിനു കൊച്ചിയിലെത്തി താമസിച്ചു? എന്ന ചോദ്യമാണ് ഉയരുന്നത്. ആരെയൊക്കെയാണ് റാണ കണ്ടത്? റാണയ്ക്ക് കൊച്ചിയില്‍ പ്രാദേശിക സഹായം വല്ലതും ലഭിച്ചിരുന്നോ? എന്തെങ്കിലും പണമിടപാടുകള്‍ ഇവിടെ നടത്തിയിരുന്നോ? 2008 നവംബര്‍ 26 മുതല്‍ രണ്ടു ദിവസം നീണ്ട മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ തേടുന്ന സുപ്രധാന വിവരങ്ങളില്‍ ഇവയും പെടും. ഈ കാര്യങ്ങള്‍ക്കൊക്കെ ഇനി വ്യക്തത ലഭിച്ചേക്കുമെന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ കൂടിയായിരുന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കരുതുന്നത്. നിലവില്‍ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറാണ് അദ്ദേഹം.

തഹാവുര്‍ റാണ കൊച്ചിയിലെത്തി താമസിച്ചതിനു തെളിവുകളുണ്ടെന്ന് അദ്ദേഹം പറയുന്നു. കൊച്ചി പോര്‍ട് ട്രസ്റ്റ്, ഷിപ്‌യാര്‍ഡ് തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങളില്‍ റാണ സന്ദര്‍ശനം നടത്തി എന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകളൊക്കെ അക്കാലത്ത് പുറത്തു വന്നിരുന്നു. റാണയെ ഇന്ത്യക്ക് കിട്ടിയതോടെ ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വന്നേക്കുമെന്ന് ബെഹ്‌റ പറയുന്നു. തീവ്രവാദത്തിനുള്ള സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഐഎയുടെ പ്രത്യേക സെല്ലിന്റെ തലവനായിരുന്നു ബെഹ്‌റ. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ യുഎസിലെത്തി ചോദ്യം ചെയ്ത സംഘത്തില്‍ ബെഹ്‌റയും ഉള്‍പ്പെട്ടിരുന്നു.

2008 നവംബര്‍ പകുതിയോടെയാണ് റാണ കൊച്ചിയിലെത്തിയതും താജ് ഹോട്ടലില്‍ താമസിച്ചതും എന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ വിശദമായ അന്വേഷണം നടത്തിയിരുന്നെങ്കിലും റാണയെ പിടികൂടാന്‍ സാധിക്കാതിരുന്നതിനാല്‍ അക്കാലത്ത് വിവരങ്ങള്‍ ലഭിക്കല്‍ പ്രയാസമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അതിലേക്ക് നയിക്കുന്ന നിര്‍ണായക കണ്ണിയെയാണ് ഇപ്പോള്‍ ഇന്ത്യക്ക് വിട്ടുകിട്ടിയിരിക്കുന്നത്. അത് വളരെ പ്രധാനവുമാണ്. ഏതാനും പേരുകള്‍, ഭീകരവാദവുമായി ബന്ധമുള്ള ലിങ്കുകള്‍ ഒക്കെ റാണയെ ചോദ്യം ചെയ്യുന്നതിലൂടെ ലഭ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

യുഎസില്‍ നിന്ന് ഇത്തരമൊരു കുറ്റവാളിയെ വിട്ടുകിട്ടുക ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്ന് ബെഹ്‌റ പറഞ്ഞു. 2011ല്‍ തന്നെ റാണയെ ഉള്‍പ്പെടുത്തി കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിട്ടുകിട്ടുന്നത്. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് പല വിവരങ്ങളും റാണയില്‍നിന്ന് കിട്ടുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഫെബ്രുവരിയില്‍ത്തന്നെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റാണയെ ഇന്ത്യക്ക് വിട്ടുതരാനുള്ള ഉത്തരവില്‍ ഒപ്പു വച്ചിരുന്നെങ്കിലും അതിനെതിരെ റാണ യുഎസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയതോടെയാണ് റാണയെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള കടമ്പകള്‍ അവസാനിച്ചത്. ഒടുവില്‍ പാലം സൈനിക വിമാനത്താവളത്തില്‍ റാണയെയും വഹിച്ചുള്ള വിമാനം ഇറങ്ങി.

തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിക്കാനായതു വലിയ വിജയമാണെന്നു മുംബൈ ഭീകരാക്രമണത്തില്‍ പരുക്കുകളോടെ രക്ഷപ്പെട്ട ദേവിക റോട്ടാവന്‍ പ്രതികരിച്ചു. പാക്കിസ്ഥാനില്‍ ഒളിച്ചിരിക്കുന്ന മറ്റു ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. റാണയെ എത്തിച്ച സര്‍ക്കാരിനോട് നന്ദിയുണ്ട്. ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ അന്ത്യത്തിന്റെ തുടക്കമാണിത് ദേവിക പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായ ദേവികയ്ക്ക് 9 വയസ്സുള്ളപ്പോഴാണ് കാലില്‍ അജ്മല്‍ കസബിന്റെ വെടിയേറ്റത്. ഇപ്പോള്‍ 25 വയസ്സുണ്ട്.

അച്ഛനും സഹോദരനുമൊപ്പം പുണെയ്ക്കു ട്രെയിനില്‍ പോകാന്‍ ഛത്രപതി ശിവാജി ടെര്‍മിനസില്‍ കാത്തിരിക്കുന്നതിനിടെയാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത കസബിനെ കോടതിയില്‍ ദേവിക തിരിച്ചറിയുകയും ചെയ്തു. 'കയ്യില്‍ വലിയ തോക്കുമായി ഒരാള്‍ വെടിയുതിര്‍ക്കുന്നത് ഞാന്‍ കണ്ടു. ഒട്ടേറെപ്പേര്‍ കണ്‍മുന്നില്‍ മരിച്ചുവീണു. അന്നു സംഭവിച്ചതെല്ലാം മായാതെ മനസ്സിലുണ്ട്' ദേവിക പറഞ്ഞു. കാലില്‍ വെടിയേറ്റു ബോധരഹിതയായ ദേവികയെ രക്ഷാപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. കാലില്‍ 6 ശസ്ത്രക്രിയകള്‍ നടത്തി. 2009 ജൂണ്‍ 10നാണ് ദേവിക വിചാരണക്കോടതിയില്‍ ഹാജരായി കസബിനെതിരെ മൊഴിനല്‍കിയത്.

അതേസമയം മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ യുഎസില്‍നിന്ന് ഡല്‍ഹിയിലെത്തിച്ചത് ചാര്‍ട്ടേഡ് ബിസിനസ് ജെറ്റിലാണ്. ഗള്‍ഫ്‌സ്ട്രീം ജി550 എന്ന വിമാനം വിയന്ന ആസ്ഥാനമായുള്ള ചാര്‍ട്ടേഡ് സര്‍വീസ് സ്ഥാപനത്തില്‍നിന്ന് വാടകയ്‌ക്കെടുക്കുകയായിരുന്നു. ഫ്‌ലോറിഡയിലെ മയാമിയില്‍നിന്ന് അമേരിക്കന്‍ പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 2.15 ഓടെ (ഇന്ത്യന്‍ സമയം രാവിലെ 11.45) പുറപ്പെട്ട വിമാനം ആദ്യം റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ ഇറക്കി.

11 മണിക്കൂറോളം ബുക്കാറെസ്റ്റില്‍ തുടര്‍ന്ന ശേഷമാണ് വിമാനം ഡല്‍ഹി ലക്ഷ്യമാക്കി പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെ റൊമാനിയ പ്രാദേശിക സമയം ആറേകാലോടെ (ഇന്ത്യന്‍ സമയം രാവിലെ 8.45) പുറപ്പെട്ട വിമാനം കനത്ത സുരക്ഷയ്ക്കു നടുവില്‍ ഡല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തിലിറങ്ങി. 2013ല്‍ നിര്‍മിക്കപ്പെട്ട ഗള്‍ഫ്‌സ്ട്രീം ജി550 വിമാനത്തില്‍ 19 യാത്രക്കാര്‍ക്കു വരെ യാത്ര ചെയ്യാനാകും. ആഡംബരത്തിനു പേരുകേട്ട വിമാനത്തില്‍ 9 ദിവാന്‍ സീറ്റുകളും 6 കിടക്കകളുമാണുള്ളത്. സാറ്റലൈറ്റ് ഫോണ്‍, വയര്‍ലെസ് ഇന്റര്‍നെറ്റ് സൗകര്യങ്ങളും ജെറ്റിലുണ്ട്.

51,000 അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഗള്‍ഫ്‌സ്ട്രീം ജി550 വിമാനത്തിന് ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 12,500 കിലോമീറ്റര്‍ വരെ തടസമില്ലാതെ പറക്കാനാകുമെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഏവിയേഷന്‍ സ്ഥാപനമായ 'കൈരളി ഏവിയേഷന്റെ' സ്ഥാപകനും വ്യോമയാന വിദഗ്ധനുമായ കേണല്‍ ശശികുമാര്‍ മേനോന്‍ പറഞ്ഞു.

യുഎസില്‍നിന്ന് ഇന്ത്യയിലെത്തിച്ച 2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിലൊരാളായ പാക്ക് വംശജന്‍ തഹാവൂര്‍ റാണയെ (64) ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടു. രാത്രി പത്തരയോടെ പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദേര്‍ ജിത് സിങ്ങിനു മുന്നില്‍ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് എന്‍ഐഎ ആസ്ഥാനത്തേക്കു കൊണ്ടുപോയി. ഡല്‍ഹി സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ പിയുഷ് സച്ച്‌ദേവ റാണയ്ക്കു വേണ്ടി കോടതിയില്‍ ഹാജരായിരുന്നു.

ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് ഇവിടേക്കു കൊണ്ടുവരുന്നതിനുള്ള നിയമതടസ്സങ്ങള്‍ പൂര്‍ണമായി നീങ്ങിയത്. നാടുകടത്തലുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്കായി ഫെബ്രുവരി മുതല്‍ യുഎസിലുണ്ടായിരുന്ന എന്‍ഐഎ സംഘത്തിന്റെ നേതൃത്വത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ്, ഇന്നലെ വൈകിട്ട് ആറരയോടെ റാണയെ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചത്. ഇവിടെ വച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും 2 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്.

കനേഡിയന്‍ വ്യവസായിയായ റാണ ഭീകരബന്ധക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് 2009 മുതല്‍ യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു. യുഎസ് കോടതിയില്‍ എന്‍ഐഎക്കു വേണ്ടി ഹാജരായ അഡ്വ. ദായന്‍ കൃഷ്ണന്‍ ആയിരിക്കും ഇന്ത്യയിലെ വിചാരണയില്‍ എന്‍ഐഎ പ്രോസിക്യൂഷന്‍ സംഘത്തെ നയിക്കുക. അഡ്വ. നരേന്ദര്‍ മാനിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായും ആഭ്യന്തര മന്ത്രാലയം നിയമിച്ചിട്ടുണ്ട്.

പട്യാല ഹൗസ് കോടതിയില്‍ രഹസ്യവിചാരണ നടക്കാനാണ് സാധ്യത. അഭിഭാഷകര്‍ ഇരുവരും ഇന്നലെ വൈകിട്ട് കോടതിയിലെത്തിയിരുന്നു. കേസിന്റെ രേഖകളും ഇവിടെ എത്തിച്ചിട്ടുണ്ട്. കേസിലെ പ്രധാന ഗൂഢാലോചനക്കാരനാണു റാണയെന്ന് എന്‍ഐഎ അറിയിച്ചു. റാണ പാക്കിസ്ഥാന്‍കാരനല്ലെന്നും കാനഡ പൗരനാണെന്നും പാക്കിസ്ഥാന്‍ പ്രതികരിച്ചു. റാണയെ എത്തിച്ചതുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയിലാണ് ഡല്‍ഹി.

യുഎസ് ഇന്ത്യയ്ക്കു കൈമാറുന്ന തഹാവൂര്‍ റാണ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ്.

· പാക്ക് വംശജനും കനേഡിയന്‍ വ്യവസായിയുമായ റാണയ്ക്ക്, ലഷ്‌കറെ തയിബയും ഐഎസ്‌ഐയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

· ഹെഡ്ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താനും വീസ സംഘടിപ്പിച്ചു നല്‍കിയത് റാണയുടെ സ്ഥാപനമായിരുന്നു.

· ഹെഡ്ലിയുമായി നടത്തിയ ഇമെയില്‍ ആശയവിനിമയത്തില്‍നിന്ന് മുംബൈ ആക്രമണം ആസൂത്രണം ചെയ്യുന്നതിലുള്ള റാണയുടെ പങ്ക് വ്യക്തമായിരുന്നു. ആക്രമണത്തില്‍ പങ്കുവഹിച്ച ഐഎസ്‌ഐക്കാരനായ മേജര്‍ ഇക്ബാലുമായി റാണയ്ക്കു നേരിട്ടു ബന്ധമുണ്ടായിരുന്നു.

· ലഷ്‌കറിനെ സഹായിച്ച കേസില്‍ റാണ 2009ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായി. മുംബൈ ഭീകരാക്രമണം നടത്തുന്നതില്‍ നേരിട്ടു പങ്കുവഹിച്ചതിനു വേണ്ടത്ര തെളിവുകളുണ്ടായിട്ടും കുറ്റവിമുക്തനാക്കപ്പെട്ടു. ഇപ്പോള്‍ ലൊസാഞ്ചലസ് ജയിലിലാണുള്ളത്.

· മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചനയില്‍ റാണയ്ക്കു പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച് 2023 മേയ് 18ന് റാണയെ കൈമാറാന്‍ യുഎസ് തീരുമാനിച്ചു. ഇതിനെതിരെ യുഎസിലെ വിവിധ ഫെഡറല്‍ കോടതികളില്‍ റാണ നല്‍കിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ നവംബര്‍ 13ന് റാണ സുപ്രീം കോടതിയെ സമീപിച്ചു. ഫെഡറല്‍ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീല്‍ 21ന് സുപ്രീം കോടതിയും തള്ളി.

· ഇന്ത്യയ്ക്കു കൈമാറാന്‍ 2025 ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നല്‍കി.

· ഏപ്രിലില്‍ റാണയുടെ പുതിയ അപേക്ഷയും സുപ്രീം കോടതി തള്ളി. ഇതോടെയാണ് റാണയെ ഇന്ത്യയ്ക്കു കൈമാറുന്നത്.

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറിയ യുഎസ് സര്‍ക്കാരിന്റെ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ''സ്‌ഫോടനങ്ങള്‍ നടന്ന സമയത്തെ സര്‍ക്കാരുകള്‍ക്ക് തഹാവൂര്‍ റാണയെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞാണ് കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെ അമിത് ഷായുടെ എക്‌സ് പോസ്റ്റ്.

''ഇന്ത്യന്‍ ഭൂമിയോടും ജനങ്ങളോടും മോശമായി പെരുമാറിയ എല്ലാവരെയും രാജ്യത്തിന്റെ നിയമത്തിനു കീഴില്‍ തിരികെ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. തഹാവൂര്‍ റാണയുടെ തിരിച്ചുവരവ് മോദി സര്‍ക്കാരിന്റെ നയതന്ത്രത്തിന്റെ വലിയ വിജയമാണ്. കാരണം സ്ഫോടനങ്ങള്‍ നടന്ന സമയത്തെ സര്‍ക്കാരുകള്‍ക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല'' അമിത് ഷാ എക്‌സില്‍ കുറിച്ചു.

പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്‌ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനു മുംബൈ സന്ദര്‍ശിക്കാന്‍ ഹെഡ്ലിക്ക് വീസ സംഘടിപ്പിച്ചു നല്‍കിയതു റാണയുടെ സ്ഥാപനമാണെന്നു കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലെത്തിക്കുന്ന റാണയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ദുഖവെള്ളി  (16 hours ago)

നിങ്ങള്‍ക്ക് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല; ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി  (22 hours ago)

വീടിന്റെ ടെറസ്സില്‍ കഞ്ചാവ് കൃഷി നടത്തിയ ഉദ്യോഗസ്ഥന്‍ പിടിയില്‍  (22 hours ago)

ഷൈന്‍ ടോം ചാക്കോ ചിത്രം സൂത്രവാക്യം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്  (23 hours ago)

എക്സ്‌ക്ലൂസിവ് ദൃശ്യങ്ങള്‍ ഇതാ..; പരിഹാസ സ്റ്റോറി പങ്കിട്ട് ഷൈന്‍ ടോം ചാക്കോ  (1 day ago)

തൃപ്പൂണിത്തറയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍    (1 day ago)

ഈസ്റ്റര്‍ ആഘോഷത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് ഡല്‍ഹി പൊലീസ്  (1 day ago)

പശ്ചിമഘട്ടത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി  (1 day ago)

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഏപ്രില്‍ 21ന് കാസര്‍കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  (1 day ago)

യുപിയില്‍ 11കാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു  (1 day ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 day ago)

ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികില്‍ പാമ്പിനെ കൊണ്ടിട്ടു  (1 day ago)

ക്ഷേത്രത്തിലെ തിരുവാഭരണളുമായി മുങ്ങിയ കീഴ്ശാന്തി അറസ്റ്റില്‍  (1 day ago)

ഗവിയില്‍ വിനോദയാത്രയ്ക്ക് പോയി വനത്തില്‍ കുടുങ്ങിയവരെ തിരികെ എത്തിച്ചു  (1 day ago)

എമ്പുരാന്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു  (1 day ago)

Malayali Vartha Recommends