യുപിയില്‍ 11കാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയില്‍ 11 വയസ്സുള്ള ഒരു ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത പെണ്‍കുട്ടിക്കെതിരെയാണ് പീഡനം നടന്നത്. ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന 24 കാരനായ ഡാന്‍ സിംഗ് എന്ന പ്രതിയാണ് കുട്ടിയെ പ്രലോഭിപ്പിച്ച് കാട്ടിലേക്ക് കൊണ്ടുപോയത് എന്നാണ് റിപ്പോര്‍ട്ട്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 65(2), പോക്‌സോ ആക്ടിലെ സെക്ഷന്‍ 5ാ/6 എന്നിവ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു.
പെണ്‍കുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് റാംപൂര്‍ പോലീസ് വേഗത്തില്‍ നടപടി സ്വീകരിച്ചു. തിരിച്ചറിയാത്ത പ്രതിയെ കണ്ടെത്താന്‍ മൂന്ന് പോലീസ് സംഘങ്ങള്‍ രൂപീകരിച്ചതായി പോലീസ് സൂപ്രണ്ട് വിദ്യാ സാഗര്‍ മിശ്ര പറഞ്ഞു. ''അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ പ്രതി പോലീസെതിരെ വെടിവച്ചു. പോലീസ് നടത്തിയ തിരിച്ചടിയില്‍ ഇയാള്‍ക്ക് പരിക്കേറ്റു, തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടു,'' മിശ്ര പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ഹര്‍പാല്‍ സിങ്ങിന്റെ മകന്‍ ഡാന്‍ സിംഗ് കുറ്റസമ്മതം നടത്തി. ഇലക്ട്രോണിക് തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്ന് ഇയാളുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അയാള്‍ സമീപിച്ച് കൂട്ടിക്കൊണ്ടുപോയതായി ഇതില്‍ നിന്ന് വ്യക്തമാണ്. അതിജീവിച്ചയാളെ വിദഗ്ധ ചികിത്സയ്ക്കായി മീററ്റ് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. ശരീരത്തില്‍ മുറിവുകളുടെ പാടുകള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha