പശ്ചിമഘട്ടത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി

നീലഗിരി, കൊടൈക്കനാല്‍ തുടങ്ങിയ പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ പശ്ചിമഘട്ടത്തിലുടനീളം PET കുപ്പികള്‍ ഉള്‍പ്പെടെ 28 തരം പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി. നീലഗിരി, കൊടൈക്കനാല്‍ തുടങ്ങിയ പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ഈ നിരോധനം നിലവില്‍ വരും. ജി സുബ്രഹ്‌മണ്യ കൗശിക് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എന്‍ സതീഷ് കുമാറും ഡി ഭരത ചക്രവര്‍ത്തിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പശ്ചിമഘട്ടത്തില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുപോകുന്നതോ വിതരണം ചെയ്യുന്നതോ ആയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കണമെന്ന് മോട്ടോര്‍ വാഹന നിയമപ്രകാരം പുതിയ വ്യവസ്ഥ വിജ്ഞാപനം ചെയ്യാന്‍ കോടതി തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. നിയമലംഘകര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ കട ഉടമകളോടും വിതരണക്കാരോടും പ്ലാസ്റ്റിക് ഫോയില്‍ കവറുകളോ സമാനമായ വസ്തുക്കളോ ഉപയോഗിച്ച് നിര്‍മ്മിച്ച ബയോഡീഗ്രേഡബിള്‍ പാക്കേജിംഗിലേക്ക് മാറാന്‍ കോടതി നിര്‍ദ്ദേശിച്ചു.
നിരോധിത ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ വെള്ളത്തിനും ജ്യൂസുകള്‍ക്കും ഉപയോഗിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികള്‍, ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ക്‌ളിംഗ് ഫിലിമുകള്‍, ഡൈനിംഗ് ടേബിളുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, പ്ലാസ്റ്റിക് പൂശിയ പേപ്പര്‍ പ്ലേറ്റുകളും കപ്പുകളും, പ്ലാസ്റ്റിക് ടീ കപ്പുകള്‍, ടംബ്ലറുകള്‍, തെര്‍മോക്കോള്‍ കപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
മധുരപലഹാരപ്പെട്ടികള്‍, ക്ഷണക്കത്തുകള്‍, സിഗരറ്റ് പാക്കറ്റുകള്‍ എന്നിവയ്ക്ക് ചുറ്റും ഉപയോഗിക്കുന്ന പൊതിയല്‍, പാക്കേജിംഗ് ഫിലിമുകള്‍, 100 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് അല്ലെങ്കില്‍ പിവിസി ബാനറുകള്‍, പ്ലാസ്റ്റിക് സ്റ്റിററുകള്‍, ട്രേകള്‍ എന്നിവയും നിരോധിത വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha