ലോകം ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിച്ച മണിക്കൂറുകൾ പിന്നാലെ നല്ലിയടന്റെ വിടവ്...! വത്തിക്കാനിലെ വാർത്തയിൽ ഞെട്ടലിൽ ജനം

ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിലടക്കം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങുന്നത്. ലോകം ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിച്ച ഇന്നലെയായിരുന്നു ഏറെ നാളുകള്‍ക്ക് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബാല്‍ക്കണിയില്‍ നിന്ന് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. അവസാന സന്ദേശത്തിലും ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്ത മാര്‍പാപ്പ, ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഗാസയിലെ സ്ഥിതി ദയനീയമാണെന്നു പറഞ്ഞ മാര്‍പാപ്പ, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സുമായി ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലും തന്റെ നിലപാടുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച ഈസ്റ്ററിനോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ എല്ലാ ബന്ദികളേയും വിട്ടയയ്ക്കണമെന്ന് ഹമാസിനോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഗാസയില്‍ പട്ടിണി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടക്കുകയാണെന്നും നിരവധിപേര്‍ക്ക് ജീവഹാനിയുണ്ടാകുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി. യുക്രൈന്‍ യുദ്ധത്തേയും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ പരാമര്‍ശിച്ചു.
കടുത്ത ന്യുമോണിയയെ തുടര്‍ന്ന് അഞ്ചാഴ്ച ആശുപത്രിവാസം വേണ്ടിവന്ന മാര്‍പാപ്പ അതിനുമുന്‍പ് തന്നെ ഗാസയിലെ ഇസ്രയേല്‍ സൈനികാധിനിവേശത്തെ അപലപിച്ചിരുന്നു. ഗാസയിലെ ജനങ്ങളുടെ അവസ്ഥ അതീവഗുരുതരവും ലജ്ജാകരവുമാണെന്നാണ് മാര്‍പാപ്പ ജനുവരിയില്‍ വിശേഷിപ്പിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ വിശ്വാസികള്‍ക്കായി അദ്ദേഹം അല്‍പനേരം ചെലവിട്ടിരുന്നു.
ഗാസയിലെ സാഹചര്യം പരിതാപകരമാണെന്ന് മാര്‍പാപ്പ ചൂണ്ടികാട്ടി. ലോകത്ത് ജൂതവിരുദ്ധ മനോഭാവം വര്‍ധിച്ചുവരുന്നത് ഏറെ ആശങ്കാജനകമാണ്. ദുരിതമനുഭവിക്കുന്ന ഇസ്രയേല്‍, പലസ്തീന്‍ ജനതയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കി. ന്യുമോണിയ ബാധിതനായി ആശുപത്രിയിലേക്കും പോകുന്നതിന് മുന്‍പും ഗാസയിലെ സാഹചര്യത്തെ അദ്ദേഹം അപലപിച്ചിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha