ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രീയ പ്രമുഖര്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രീയ പ്രമുഖരും മതമേലധ്യക്ഷന്മാരും. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപമായി മാര്‍പാപ്പയെ ലോകമെമ്പാടുമുള്ളവര്‍ ഓര്‍മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അസമത്വത്തിനെതിരെ നിര്‍ഭയമായി സംസാരിച്ച വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി:
''ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ വളരെയധികം വേദനിക്കുന്നു. വേദനയുടെ ഈ മണിക്കൂറില്‍ ആഗോള കത്തോലിക്കാ സഭയെ എന്റെ അനുശോചനം അറിയിക്കുന്നു. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാര്‍പാപ്പയെ ലോകമെമ്പാടുമുള്ളവര്‍ ഓര്‍മിക്കും. ഏറ്റവും പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം സേവനം ചെയ്തു. പ്രതിസന്ധി നേരിടുന്നവര്‍ക്കു മുന്‍പില്‍ പ്രതീക്ഷയുടെ വെട്ടമായി. മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറച്ച് സ്‌നഹേത്തോടെ ഓര്‍ക്കുന്നു. ഇന്ത്യക്കാരോട് അദ്ദേഹത്തിനുണ്ടായിരുന്ന സ്‌നേഹം എല്ലായിപ്പോഴും ഓര്‍മിക്കപ്പെടും. ദൈവത്തിന്റെ കരുണയില്‍ അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെ.''
രാഹുല്‍ ഗാന്ധി:
''കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ഞാന്‍ അഗാധമായി ദുഃഖിക്കുന്നു. അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും കൂടെ നിന്നു, അസമത്വത്തിനെതിരെ നിര്‍ഭയമായി സംസാരിച്ചു, സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തോടൊപ്പമാണ് എന്റെ ചിന്തകള്‍.''
മുഖ്യമന്ത്രി പിണറായി വിജയന്‍:
''മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീന്‍ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേര്‍ന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തില്‍ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു.''
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍:
''വളരെ ജനകീയനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ 8-9 മിനിറ്റില്‍ കൂടുകയില്ല. പിന്നീട് ജനങ്ങളെ സ്വീകരിക്കുന്ന സ്ഥലത്തായിരിക്കും അദ്ദേഹം. മാര്‍പാപ്പ അവരെ ചേര്‍ത്തുപിടിച്ചു, സംവദിച്ചു, ഫോട്ടോയെടുത്തു, അങ്ങനെ മണിക്കൂറുകള്‍ക്കു േശഷമായിരിക്കും ഔദ്യോഗിക വസതിയിലേക്ക് പോവുക. മാര്‍പാപ്പയുടെ ഔദ്യോഗിക വസതി വത്തിക്കാനിലെ കൊട്ടാരമാണ്. എന്നാല്‍ അവിടെ താമസിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല.
ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്ന കര്‍ദിനാളുമാരും സഭാതലവന്മാരും താമസിക്കുന്ന ഹോസ്റ്റലിലാണ് അദ്ദേഹവും താമസിച്ചിരുന്നത്. ഞാന്‍ സഭാ തലവനായി ചുമതലയേറ്റ ശേഷം അവിടെ താമസിക്കുമ്പോള്‍ അദ്ദേഹം ഊട്ടുമുറിയില്‍ വരുന്നതും അഭിവാദ്യം ചെയ്യുന്നതുമൊക്കെ കാണാറുണ്ട്. ഒരിക്കല്‍ ചൈനയില്‍ നിന്നുള്ള മെത്രാന്‍ പ്രതിനിധി സംഘം വന്നപ്പോള്‍ ഊട്ടുമേശയില്‍ നിന്ന് എഴുന്നേറ്റ് ചെന്ന് കുശലം പറയുന്നതു കണ്ടു. ലിഫ്റ്റിലൊക്കെ വച്ചു കാണുമ്പോള്‍ വിശേഷങ്ങള്‍ തിരക്കുകയും സുഖവിവരം അന്വേഷിക്കുകയുമൊക്കെ അദ്ദേഹം ചെയ്തിരുന്നു.''
https://www.facebook.com/Malayalivartha