രാജ്യം വിടണമെന്ന് ഇന്ത്യ അറിയിച്ചതിനു പിന്നാലെ പാക്കിസ്ഥാനിലേക്കു മടങ്ങി നിരവധിപ്പേര്‍

എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ഇന്ത്യ അറിയിച്ചതിനു പിന്നാലെ അട്ടാരിയിലെ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലൂടെ നിരവധി കുടുംബങ്ങള്‍ പാക്കിസ്ഥാനിലേക്കു മടങ്ങി. കുറച്ചുനാളത്തേക്കുകൂടി വീസയുണ്ടായിട്ടും സന്ദര്‍ശനം ചുരുക്കിയാണ് അപ്രതീക്ഷിത മടക്കം. പഹല്‍ഗാം ഭീകരാക്രമണത്തെ എതിര്‍ത്തും സമാധാനത്തിനും സൗഹൃദത്തിനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചുമാണ് ഇവര്‍ തിരികെ യാത്രയായത്. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ വീസയുള്ള ചില ഇന്ത്യന്‍ പൗരന്മാരും ഇവിടെ എത്തിയിരുന്നു. അതിര്‍ത്തി അടച്ചുവെന്നത് അറിയാതെ എത്തിയവരുമുണ്ടായിരുന്നു. 90 ദിവസത്തേക്കും 45 ദിവസത്തേക്കും വീസ ലഭിച്ചവര്‍ വരെ ഇന്നു തിരിച്ചുപോകാന്‍ എത്തിയവരില്‍ ഉണ്ടായിരുന്നു.
പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച സുരക്ഷാ കാബിനറ്റ് സമിതിയാണ് (സിസിഎസ്) ഇന്ത്യ-പാക്ക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ തീരുമാനമെടുത്തത്. വീസയും സാധുവായ രേഖകളുമുള്ളവര്‍ക്ക് മേയ് ഒന്നിനുള്ളില്‍ അതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലേക്കു തിരികെ പോകാമെന്നും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആളുകള്‍ അതിര്‍ത്തിയിലേക്കെത്തിയത്. അതിനിടെ, പാക്ക് പൗരന്മാര്‍ക്കുള്ള വീസ സേവനവും ഇന്ത്യ നിര്‍ത്തിവച്ചു.
നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും സാര്‍ക് വീസ എക്സ്റ്റന്‍ഷന്‍ സ്‌കീം പ്രകാരം വീസ ലഭിച്ചവരുടെയും വീസ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. പാക്ക് പൗരന്മാര്‍ക്ക് ഇനി വീസ നല്‍കില്ല. പാക്ക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരും മടങ്ങണം. രാജ്യം വിടാന്‍ ഇവര്‍ക്ക് ഒരാഴ്ചയാണു സമയം നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha