ഷിംല കരാര്‍ മരവിപ്പിക്കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിനു പിന്നാലെ പാക്കിസ്ഥാന്‍ പതാക നീക്കി ഇന്ത്യ

ഷിംല കരാര്‍ മരവിപ്പിക്കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ഷിംല കരാര്‍ ഒപ്പുവച്ച മേശപ്പുറത്ത് നിന്ന് പാക്കിസ്ഥാന്‍ പതാക ഒഴിവാക്കി ഇന്ത്യ. ഹിമാചല്‍ പ്രദേശിലെ രാജ്ഭവനില്‍ വച്ചാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പാക്കിസ്ഥാന്‍ പ്രസിഡന്റായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയും ചേര്‍ന്ന് ഷിംല കരാര്‍ ഒപ്പുവച്ചത്. 1972 ജൂലായ് മൂന്നിനായിരുന്നു ഇത്. ഹിമാചല്‍ പ്രദേശ് രാജ്ഭവനിലെ കീര്‍ത്തി ഹാളില്‍ ഇരു രാജ്യങ്ങളുടെയും പതാകയോടുകൂടി കരാര്‍ ഒപ്പുവച്ച തടിമേശ ചരിത്രസ്മാരകം എന്നപോലെ സംരക്ഷിച്ചിരുന്നു. ഇവിടെ നിന്നാണ് ഇപ്പോള്‍ പതാക ഒഴിവാക്കിയിരിക്കുന്നത്.
ഭൂട്ടോ കരാറില്‍ ഒപ്പുവയ്ക്കുന്നതിന്റെയും ഇന്ദിരാഗാന്ധി അദ്ദേഹത്തോടൊപ്പം ഇരിക്കുന്നതിന്റെയും ഒരു ഫോട്ടോ മേശപ്പുറത്ത് സൂക്ഷിച്ചിട്ടുണ്ട്. 1972ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ ഉച്ചകോടിയുടെ മറ്റ് നിരവധി ഫോട്ടോകളും പശ്ചാത്തലത്തിലെ ചുമരിലുണ്ട്. 1971ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധത്തിനുശേഷം 1972ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഷിംല കരാര്‍ നിലവില്‍ വരുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ കാലങ്ങളായി തുടരുന്ന പല സംഘര്‍ഷങ്ങള്‍ക്കും അവസാനം കുറിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു കരാര്‍. മൂന്നാമതൊരാളുടെ ഇടപെടലില്ലാതെ തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും എന്നതായിരുന്നു അതില്‍ പ്രധാനം.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പാക്കിസ്ഥാന്‍ ഇടപെടല്‍ വെളിപ്പെട്ടതോടെ കടുത്ത നയതന്ത്ര നടപടികളിലേക്ക് ഇന്ത്യ കടന്നിരുന്നു. പാക്കിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം എന്നതായിരുന്നു അതില്‍ പ്രധാനം. വാഗ-അട്ടാരി അതിര്‍ത്തി പൂര്‍ണമായി അടച്ചു. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും ഇന്ത്യ മരവിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഷിംല കരാര്‍ മരവിപ്പിക്കുകയാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha